സെന്റ്‌ലൂസിയ: വെസ്റ്റ് ഇന്‍ഡീസ്-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ അപൂര്‍വ നിമിഷത്തിന് സാക്ഷ്യം വഹിച്ചു. വിന്‍ഡീസ് ബൗളര്‍ അല്‍സാരി ജോസഫിന്റെ പന്തില്‍ പുറത്തായി ഡ്രസ്സിംഗ് റൂമില്‍ തിരിച്ചെത്തിയ ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സിനെ അമ്പയര്‍മാര്‍ തിരികെ വിളിച്ചാണ് ചരിത്രം സൃഷ്ടിച്ചത്. ജോസഫിന്റെ പന്ത് ഓവര്‍ സ്റ്റെപ്പ് നോ ബോളാണെന്ന് സ്റ്റേഡിയത്തിലെ ബിഗ് സ്ക്രീനില്‍ റീപ്ലേകള്‍ കാണിച്ചപ്പോള്‍ വ്യക്തമായിരുന്നു.

തുടര്‍ന്നാണ് മൂന്നാം അമ്പയര്‍ ക്രിസ് ഗാഫ്നിയുമായി ചര്‍ച്ച ചെയ്ത ശേഷം ഫീല്‍ഡ് അമ്പയര്‍ റോഡ് ടക്കര്‍ ഡ്രസ്സിംഗ് റൂമില്‍ തിരിച്ചെത്തിയ സ്റ്റോക്സിനെ ക്രീസിലേക്ക് തിരികെ വിളിച്ചത്. ഇതിനിടെ ഇംഗ്ലണ്ടിന്റെ ഏഴാം നമ്പര്‍ ബാറ്റ്സ്മാനായ ജോണി ബെയര്‍സ്റ്റോ ക്രീസിലെത്തിയിരുന്നു. 52 റണ്‍സായിരുന്നു നോ ബോളില്‍ പുറത്താവുമ്പോള്‍ സ്റ്റോക്സ് അടിച്ചെടുത്തത്. ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ 62 റണ്‍സുമായി പുറത്താകാതെ നിന്ന സ്റ്റോക്സ് രണ്ടാം ദിനം 79 റണ്‍സെടുത്ത് കെമര്‍ റോച്ചിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.

2017വരെ തെറ്റായ തീരുമാനത്തിലൂടെ പുറത്തായാലും ബാറ്റ്സ്മാന്‍ ഗ്രൗണ്ട്  വിട്ടാല്‍ തിരികെ വിളിക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ 2017ല്‍ ക്രിക്കറ്റ് നിയമങ്ങള്‍ രൂപീകരിക്കുന്ന മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ് നിയമം പരിഷ്കരിച്ചു. തെറ്റായ തീരുമാനത്തിലൂടെയാണ് പുറത്തായതെന്ന് അമ്പയര്‍ക്ക് ബോധ്യപ്പെട്ടാല്‍ ബാറ്റ്സ്മാനെ ക്രീസിലേക്ക് തിരിച്ചുവിളിക്കാന്‍ അമ്പയര്‍ക്ക് അനുമതിയുണ്ട്. അടുത്ത പന്ത് എറിയുന്നതിന് മുമ്പാണ് ഇത്തരത്തില്‍ തിരിച്ചുവിളിക്കാന്‍ അനുമതിയുള്ളത്. അവസാന ബാറ്റ്സ്മാനാണെങ്കില്‍ അമ്പയര്‍ ഫീല്‍ഡ് വിടുന്നതിന് മുമ്പും.