Asianet News MalayalamAsianet News Malayalam

ശ്രീലങ്ക-ബംഗ്ലാദേശ് അവസാന ഓവറില്‍ സംഭവിച്ചത്

മുസ്തഫിസുര്‍ റണ്ണൗട്ടായെങ്കിലും സ്ട്രൈക്ക് മെഹ്മദുള്ളക്ക് കിട്ടി. മൂന്നാം പന്തില്‍ ബൗണ്ടറി അടിച്ച മെഹമ്മദുള്ള ബംഗ്ലാ പ്രതീക്ഷകള്‍ ജ്വലിപ്പിച്ചു.

What happened in Bangladesh Srilanka last over

കൊളംബോ: ഏതൊരു ത്രില്ലര്‍ സിനിമയെയും വെല്ലുന്ന ക്ലൈമാക്സായിരുന്നു നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ട്വന്റി-20യിലെ ബംഗ്ലാദേശ്-ശ്രീലങ്ക മത്സരത്തിന്റെ അവസാന ഓവര്‍. ജയിക്കുന്നവര്‍ക്ക് ഫൈനലിലെത്താമെന്നതിനാല്‍ ആവേശപ്പോരാട്ടം കണ്ട മത്സരത്തില്‍ ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 160 റണ്‍സ്. അവസാന ഓവറില്‍ ജയത്തിലേക്ക് 12 റണ്‍സ് അകലം. പന്തെറിയാനെത്തിയത് ലങ്കയുടെ ഇസുരു ഉദാന. പതിനെട്ടാം ഓവറും എറിഞ്ഞത് ഉദാന തന്നെയായിരുന്നു. വഴങ്ങിയത് ആറ് റണ്‍സ്. ബംഗ്ലാ ക്യാപ്റ്റന്‍ ഷക്കീബ് അല്‍ ഹസന്റെ വിക്കറ്റെടുക്കുകയും ചെയ്തു.

അവസാന ഓവറിലെ ആദ്യ പന്ത് നേരിട്ടത് വാലറ്റക്കാരന്‍ മുസ്തഫിസുര്‍ റഹ്മാന്‍. 15 പന്തില്‍ 31 റണ്‍സുമായി മെഹമ്മദുള്ള നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലുണ്ടായിരുന്നു. ആദ്യ പന്ത് തന്നെ ബൗണ്‍സര്‍ എറിഞ്ഞ ഉദാന ബംഗ്ലാദേശിന് റണ്‍സ് നിഷേധിച്ചു. അഞ്ച് പന്തില്‍ ജയത്തിലേക്ക് അപ്പോഴും 12 റണ്‍സകലം. അടുത്ത പന്തും ഉദാന ബൗണ്‍സര്‍ എറിഞ്ഞു. പന്ത് ബാറ്റില്‍ കൊണ്ടില്ലെങ്കിലും മെഹ്മദുള്ളയ്ക്ക് സ്ട്രൈക്ക് കൈമാറാനായി ക്രീസ് വിട്ടോടിയ മുസ്തഫിസുര്‍ റണ്ണൗട്ടായി. ഓവറിലെ രണ്ടാം ബൗണ്‍സര്‍ നോ ബോള്‍ വിളിക്കേണ്ടതായിരുന്നെങ്കിലും അമ്പയര്‍ വിളിച്ചില്ല.

ഇതോടെ മെഹമ്മദുള്ളയും അമ്പയര്‍മാരുമായി ചര്‍ച്ചയായി. ലങ്കന്‍ താരങ്ങളും ഇതിനൊപ്പം ചേര്‍ന്നു. ഇതിനിടെ ബംഗ്ലാദേശിന്റെ സബ്‌സ്റ്റ്യൂട്ട് ഫീല്‍ഡര്‍മാരും ഗ്രൗണ്ടിലിറങ്ങി. അവരും തര്‍ക്കത്തില്‍ പങ്കാളികളായി. കളി കൈവിട്ടുപോകുമെന്ന് തോന്നിച്ച നിമിഷം. ബൗണ്ടറി ലൈനിന് പുറത്തുനിന്ന് ബംഗ്ലാ നായകന്‍ ഷക്കീബ് അല്‍ ഹസന്‍ കളിക്കാരോട് ഗ്രൗണ്ട് വിട്ടുവരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സബ്സ്റ്റിറ്റ്യൂട്ട് ഫീല്‍ഡര്‍മാര്‍ തിരിച്ചു കയറിയെങ്കിലും മെഹമ്മദുള്ള ക്രീസില്‍ തുടര്‍ന്നു.

അപ്പോഴും ബംഗ്ലാദേശിന് ജയിക്കാന്‍ നാലു പന്തില്‍ 12 റണ്‍സ് വേണമായിരുന്നു. മുസ്തഫിസുര്‍ റണ്ണൗട്ടായെങ്കിലും സ്ട്രൈക്ക് മെഹ്മദുള്ളക്ക് കിട്ടി. മൂന്നാം പന്തില്‍ ബൗണ്ടറി അടിച്ച മെഹമ്മദുള്ള ബംഗ്ലാ പ്രതീക്ഷകള്‍ ജ്വലിപ്പിച്ചു. ജയത്തിലേക്ക് മൂന്ന് പന്തില്‍ 8 റണ്‍സ്. നാലാം പന്തില്‍ രണ്ട് റണ്‍സ് മാത്രം. ജയിക്കാന്‍ രണ്ട് പന്തില്‍ 6 റണ്‍സ്. അഞ്ചാം പന്ത് ബാക്‌വേഡ് സ്ക്വയര്‍ ലെഗ്ഗിന് മുകളിലൂടെ സിക്സറിന് പറത്തിയ മെഹമ്മദുള്ള ബംഗ്ലാദേശിന്റെ ജാവേദ് മിയാന്‍ദാദായി. ഗ്യാലറി ഒന്നടങ്കം നിശബ്ദമായ നിമിഷം. ബംഗ്ലാദേശ് താരങ്ങള്‍ നാഗാ നൃത്തവുമായി ഗ്രൗണ്ടില്‍ നിറഞ്ഞു.

Follow Us:
Download App:
  • android
  • ios