ലണ്ടന്‍: മികച്ച പ്രകടനങ്ങള്‍ കൊണ്ട് നിരവധി തവണ ഇംഗ്ലണ്ടിന് തലവേദന സൃഷ്ടിച്ച താരമാണ് ഇന്ത്യയുടെ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുക്കര്‍. ഇപ്പോഴിതാ സച്ചിന്റെ മകന്‍ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കറും ഇംഗ്ലണ്ട് ക്യാംപില്‍ ഭീതിവിതയ്ക്കുകയാണ്. സച്ചിനെ പോലെ ബാറ്റുകൊണ്ടല്ലെന്ന് മാത്രം. ഇടം കൈയന്‍ പേസറായ അര്‍ജ്ജുന്‍ ഇംഗ്ലീഷ് ടീമിന്റെ പരിശീലന ക്യാംപിലാണ് തന്റെ വേഗം കൊണ്ടും കൃത്യതകൊണ്ടും ബാറ്റ്സ്മാന്‍മാരെ വട്ടം ചുറ്റിച്ചത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി നടന്ന ഇംഗ്ലണ്ടിന്റെ പരിശീലനത്തിനിടെ ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്റ്റോയെ യോര്‍ക്കറിലൂടെ വീഴ്‌ത്തിയാണ് 17കാരനായ അര്‍ജുന്‍ വാര്‍ത്ത സൃഷ്ടിച്ചത്. ലോര്‍ഡ്സില്‍ നടക്കുന്ന ഇംഗ്ലണ്ടിന്റെ പരിശീലനത്തിലാണ് അര്‍ജ്ജുന്‍ പന്തെറിഞ്ഞതെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

പരിശീലനത്തിനിടെ അര്‍ജ്ജുന്‍ എറിഞ്ഞ ആദ്യ പന്തില്‍ തന്നെ ജോണി ബെയര്‍സ്റ്റോക്ക് പരിക്കേറ്റു. വേദനകൊണ്ട് പുളഞ്ഞ ബെയര്‍സ്റ്റോയ്ക്ക് മെഡിക്കല്‍ സംഘം പ്രാഥമിക ചികിത്സ നല്‍കി. എന്നാല്‍ ബെയര്‍സ്റ്റോയുടെ പരിക്ക് സാരമുള്ളതല്ലെന്നും ആദ്യ ടെസ്റ്റിലെ പങ്കാളിത്തത്തെ ഇത് ബാധിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആറടി ഉയരമുള്ള അര്‍ജ്ജുന്‍ ലോര്‍ഡ്സില്‍ പുതുമുഖമല്ല. പിതാവിനൊപ്പം അര്‍ജ്ജുന്‍ നിരവധി തവണ ലോര്‍ഡ്സില്‍ പരിശീലനം നടത്തിയിട്ടുണ്ട്.

ഇടം കൈയന്‍ ബൗളര്‍റും ബാറ്റ്സ്മാനുമായ അര്‍ജ്ജുന്‍ മുംബൈയുടെ അണ്ടര്‍ 14, 16 ടീമുകളില്‍ കളിച്ചിട്ടുണ്ട്. അര്‍ജ്ജുന്‍ പതിനേഴാം വയസിലാണ് ഇംഗ്ലണ്ടിനെ വിറപ്പിച്ചതെങ്കില്‍ പതിനാറാം വയസില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ നേടിയ സെഞ്ചുറിയോടെയാണ് ലോക ക്രിക്കറ്റില്‍ സച്ചിന്‍ വരവറിയിച്ചതെന്നത് മറ്റൊരു യാദൃശ്ചികതയാണ്.