റാഞ്ചി: ഓസ്ട്രേലിയന്‍ ബാറ്റിംഗിന്റെ നടുവൊടിക്കാനായില്ലെങ്കിലും ബാറ്റ് ഒടിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായി. റാഞ്ചി ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം എറിഞ്ഞ ആദ്യ പന്തിലാണ് ഉമേഷ് യാദവ് ഗ്ലെന്‍ മാക്സ്‌വെല്ലിന്റെ ബാറ്റൊടിച്ചത്. 140 കിലോ മീറ്റര്‍ വേഗത്തിലെത്തിയ ഉമേഷിന്റെ പന്ത് പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോഴാണ് മാക്സ്‌വെല്ലിന്റെ ബാറ്റ് രണ്ട് കഷ്ണമായി മുറിഞ്ഞത്.
ബാറ്റൊടിച്ചശേഷം തന്റെ കൈക്കരുത്ത് മാക്സ്‌വെല്ലിനെ കാണിച്ച ഉമേഷ് ചിരി പടര്‍ത്തി. പുതിയ ബാറ്റുമായി ബാറ്റിംഗ് തുടര്‍ന്ന മാക്സ്‌വെല്‍ തന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറി നേടിയശേഷമാണ് ക്രീസ് വീട്ടത്.
നാലാം ടെസ്റ്റിലാണ് മാക്സ്‌വെല്‍ ആദ്യ സെഞ്ചുറി തികച്ചത്. അഞ്ചാം വിക്കറ്റില്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനൊപ്പം 191 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്താനും മാക്സ്‌വെല്ലിനായി. 185 പന്തില്‍ 104 റണ്‍സെടുത്ത മാക്സ്‌വെല്ലിനെ ജഡേജയാണ് പുറത്താക്കിയത്.
