ദില്ലി: ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തില്‍ എ.ബി.ഡിവില്ലിയേഴ്സ് സെഞ്ചുറിയുമായി അടിച്ചുതകര്‍ക്കുന്നതിനിടെ വീരേന്ദര്‍ സെവാഗ് കണ്ണുവെച്ചു. ഫലമോ, ഏകദിന ഡബിള്‍ നേടുന്ന ആദ്യ മധ്യനിര ബാറ്റ്സ്മാനെന്ന ചരിത്ര നേട്ടത്തിന് 24 റണ്‍സകലെ ഡിവില്ലിയേഴ്സ് പുറത്തായി. താന്‍ കണ്ണുവെച്ചതുകൊണ്ടാണ് ഡിവില്ലിയേഴ്സ് പുറത്തായതെന്ന് പറഞ്ഞത് മറ്റാരുമല്ല, സാക്ഷാല്‍ സെവാഗ് തന്നെയാണ്.
ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തില്‍ ഡിവില്ലിയേഴ്സ് 176 റണ്‍സ് അടിച്ചുകൂട്ടിയത്. നാലു മാസത്തെ ഇടവേളയ്ക്കുശേഷം രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് ഡിവില്ലിയേഴ്സ് ആഘോഷമാക്കുകയായിരുന്നു. സെഞ്ചുറിയും കടന്ന് ഡിവില്ലിയേഴ്സ് ബാറ്റ് ചെയ്യുന്നതിനിടെയാണ് വീരുവിന്റെ ട്വീറ്റെത്തിയത്. എന്തൊരടിയാണ്, ഡിവില്ലിയേഴ്സിന്റേത്. ഏകദിനത്തില്‍ ഡബിളടിക്കുന്ന ആദ്യ മധ്യനിര ബാറ്റ്സ്മാനാകും അദ്ദേഹം എന്നായിരുന്നു വീരുവിന്റെ ആദ്യ ട്വീറ്റ്.
എന്നാല്‍ സെവാഗിന്റെ ട്വീറ്റ് വന്നതിന് തൊട്ടുപിന്നാലെ ഡിവില്ലിയേഴ്സ് പുറത്തായി. ഇതോടെ സ്വയം ട്രോളി സെവാഗ് അടുത്ത ട്വീറ്റുമിട്ടു. ക്ഷമിക്കണം, കണ്ണുവെച്ചു പോയി, പക്ഷെ താങ്കള്‍ ബൗളര്‍മാരെ അടിച്ചുപറത്തുന്നത് കാണാന്‍ എന്തുരസമാണ് എന്നായിരുന്നും സെവാഗിന്റെ ട്വീറ്റ്. 68 പന്തില്‍ തന്റെ 25ാം ഏകദിന സെഞ്ചുറിയിലേക്കെത്തിയ ഡിവില്ലിയേഴ്സ് അടുത്ത 36 പന്തില്‍ 76 റണ്‍സ് കൂടി അടിച്ചുകൂട്ടിയശേഷമാണ് പുറത്തായിത്. ചരിത്രത്തില്‍ ഇതുവരെ ആറ് ബാറ്റ്സ്മാന്‍മാര്‍ മാത്രമാണ് ഏകദിന ഡബിള്‍ തികച്ചിട്ടുള്ളത്. സച്ചിനായിരുന്നു ആദ്യ ഏകദിന ഡബിള്‍ അടിച്ച താരം. പിന്നീട് രോഹിത് ശര്‍മ രണ്ടു തവണയും, സെവാഗ്, ഗെയ്ല്‍, ഗപ്ടില്‍ എന്നിവര്‍ ഓരോ തവണയും ഡബിള്‍ നേടി.
