ബംഗലൂരു: ഐപിഎല്‍ താരലേലത്തില്‍ പങ്കെടുത്ത ആറ് മലയാളി താരങ്ങളില്‍ ശരിക്കും ലോട്ടറി അടിച്ചത് ബേസില്‍ തമ്പിക്കാണ്. 10 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ബേസിലിനെ സുരേഷ് റെയ്ന നായകനായ ഗുജറാത്ത് ലയണ്‍സ് ടീമിലെടുത്തത് 85 ലക്ഷം രൂപ നല്‍കി. സ്റ്റീവന്‍ സ്മിത്ത് നായകനായ പൂനെയും ബേസിലിനായി ശക്തമായി രംഗത്തുണ്ടായിരുന്നു.

മുഷ്താഖ് അലി ക്രിക്കറ്റ് ദക്ഷിണമേഖലാ റൗണ്ടില്‍ അഞ്ച് ഇന്നിംഗ്സില്‍ എട്ടു വിക്കറ്റ് നേടിയതും സ്ഥിരമായി 140 കിലോ മീറ്ററിലേറെ വേഗത്തില്‍ പന്തെറിയുന്നതുമാണ് ബേസിലിന് തുണയായത്. ഐ പി എല്ലില്‍ കളിക്കാന്‍ അവസരം കിട്ടിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് ബേസില്‍ തമ്പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഐപിഎല്‍ പോലെ ടൂര്‍ണമെന്റില്‍ കളിക്കാനാകുക എന്നത് വലിയ ഭാഗ്യമാണ്. ബംഗലൂരുവിന്റെയും ഡല്‍ഹിയുടെയും ട്രയല്‍സിനാണഅ പോയത്. അതുകൊണ്ടുതന്നെ ഗുജറാത്ത് ടീമിലെത്തുമെന്ന് തീരെ പ്രതീക്ഷിച്ചില്ലെന്നും ബേസില്‍ പറഞ്ഞു.

ഓസ്‍ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്ക് തയ്യാറെടുക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് നെറ്റ്സില്‍ നന്നായി പന്തെറിയാന്‍ കഴിഞ്ഞെന്നും ഇന്ത്യന്‍ കോച്ച് അനില്‍ കുംബ്ലെ അഭിനന്ദിച്ചുവെന്നും ബേസില്‍ തമ്പി പറഞ്ഞു. 23കാരനായ ബേസില്‍ തമ്പി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 18 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. അതേസമയം, മലയാളി ബാറ്റ്സ്മാനായ വിഷ്ണു വിനോദിനെ ലേലത്തില്‍ ആരും വാങ്ങിയില്ല.