കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനെ വലച്ച കാര്യമായിരുന്നു അഞ്ചാം നമ്പറില്‍ ആരെയിറക്കുമെന്നത്. ഒടുവില്‍ വിദേശ മണ്ണിലെ വിശ്വസ്തനായ അജിങ്ക്യ രഹാനെയെ പുറത്തിരുത്തി രോഹിത് ശര്‍മ്മയെ ഉള്‍പ്പെടുത്തി ഇന്ത്യ കളിക്കാനിറങ്ങി. ആദ്യ ഇന്നിംഗ്സില്‍ പ്രോട്ടീസ് പേസര്‍മാര്‍ തകര്‍ത്താടിയപ്പോള്‍ ഇന്ത്യ തകര്‍ന്നുതരിപ്പിണമായി. രഹാനെയ്ക്ക് പകരമിറങ്ങിയ ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയ്ക്ക് 59 പന്തില്‍ 11 റണ്‍സ് മാത്രമാണ് എടുക്കാനായത്. രോഹിതിന് പരാജയപ്പെട്ടതോടെ ടീമില്‍ രഹാനെയുടെ സ്ഥാനത്തെ കുറിച്ച് വീണ്ടും ചര്‍ച്ചകള്‍ ഉയരുന്നു.

ദക്ഷിണാഫ്രിക്കന്‍ പേസ് ആക്രമണത്തിന് മുന്നില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞപ്പോള്‍ ചോദ്യങ്ങള്‍ ഉയരുന്നത് നായകന്‍ വിരാട് കോലിക്ക് നേരേ. ശ്രീലങ്കക്കെതിരായ പരമ്പരയില്‍ രഹാനെ നിറം മങ്ങിയതും രോഹിത് തകര്‍ത്തടിച്ചതുമാണ് കോലിയുടെ തീരുമാനത്തിന് പിന്നില്‍. എന്നാല്‍ വിദേശ മണ്ണില്‍ രഹാനെയോളം വിശ്വസ്തനായ മറ്റൊരു ബാറ്റ്സ്മാന്‍ ഇല്ലെന്നതാണ് വസ്തുത. ടെസ്റ്റില്‍ വിദേശത്ത് 54.77 ആണ് അജിങ്ക്യ രഹാനെയുടെ ബാറ്റിംഗ് ശരാശരി. 24 മത്സരങ്ങളില്‍ ആറ് സെഞ്ചുറിയടക്കം 1817 റണ്‍സ് രഹാന അടിച്ചുകൂട്ടി. അതേസമയം വിദേശത്ത് രോഹിതിന് 15 ടെസ്റ്റുകളില്‍ 26.33 ശരാശരിയില്‍ 632 റണ്‍സ് മാത്രമാണുള്ളത്.