വിശാഖപട്ടണം: ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ഏകദിന മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങളെല്ലാം അമ്മമാരുടെ പേരെഴുതിയ ജേഴ്സി ധരിച്ചാണ് ഫീല്‍ഡില്‍ ഇറങ്ങിയത്. ക്രിക്കറ്റ് ലോകത്ത് ഇത് വലിയ ചര്‍ച്ചയാവുകയും ചെയ്തു. അമ്മമാരോടുള്ള ആദരം വ്യക്തമാക്കാനായിരുന്നു ഇന്ത്യന്‍ താരങ്ങളെല്ലാം അമ്മമാരുടെ പേരെഴുതിയ ജേഴ്സികള്‍ ധരിച്ച് ഗ്രൗണ്ടിലിറങ്ങിയത്.

എന്നാല്‍ ബാറ്റിംഗിനിറങ്ങിയപ്പോള്‍ അമ്മ ദേവകിയുടെ പേരെഴുതിയ ജേഴ്സി ധരിച്ചിറങ്ങിയ ക്യാപ്റ്റന്‍ ധോണി മാത്രം ഇന്ത്യ ഫീല്‍ഡ് ചെയ്യുമ്പോള്‍ സ്വന്തം പേരെഴുതിയ ജേഴ്സി ധരിച്ചാണ് ഗ്രൗണ്ടിലിറങ്ങിയത്. ഇത് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയും ചെയ്തു. എന്നാല്‍ ഇതാദ്യമായല്ല ധോണി ഇത്തരത്തില്‍ ബാറ്റിംഗിലും ഫീല്‍ഡിംഗിലും വ്യത്യസ്ത ജേഴ്സികള്‍ ഉപയോഗിക്കുന്നത്.

ബാറ്റ് ചെയ്യുമ്പുോള്‍ ഹാഫ് സ്ലീവ് ജേഴ്സി ധരിച്ചാണ് ധോണി സാധാരണയായി ഇറങ്ങാറുള്ളത്. ഫീല്‍ഡ് ചെയ്യുമ്പോള്‍ ഫുള്‍ സ്ലീവ് ജേഴ്സിയും ധരിക്കും. ഇതാണ് ധോണിയുടെ ജേഴ്സി മാറ്റത്തിന് പിന്നിലെന്നാണ് വിശദീകരണം.