രാജ്കോട്ട്: 2005ല്‍ ക്രിക്കറ്റ് മതിയാക്കാന്‍ തീരുമാനിച്ചിരുന്നുവെന്ന് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ. വിവാഹ വേളയില്‍ ജാഗരണ്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ക്രിക്കറ്റിലെയും ജീവിത്തിലെയും ഇരുണ്ടകാലത്തെക്കുറിച്ച് ജഡേജ മനസുതുറന്നത്.

ഒരു അപകടത്തില്‍ അമ്മയെ നഷ്ടപ്പെട്ടതാണ് 2005ല്‍ തന്റെ 17-ാം വയസില്‍ ക്രിക്കറ്റ് ഉപേക്ഷിക്കാനുള്ള തീരുമാനമെടുത്തതിന് പിന്നിലെന്ന് ജഡേജ പറഞ്ഞു. അന്ന് ഒരു സ്വകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായ പിതാവിനെ സഹായിക്കാനായായിരുന്നു ക്രിക്കറ്റ് വിടാന്‍ തീരുമാനിച്ചത്. പതുക്കെ ക്രിക്കറ്റില്‍ നിന്നകന്ന ജഡേജയെ സുഹൃത്തുക്കളും മറ്റ് കുടുംബാഗങ്ങളും ചേര്‍ന്ന് ക്രിക്കറ്റില്‍ തുടരാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഒടുവില്‍ കുടുബാംഗങ്ങളുടെ ഉപദേശത്തിനും നിര്‍ബന്ധത്തിനും വഴങ്ങിയാണ് ക്രിക്കറ്റില്‍ തുടര്‍ന്നതെന്നും ജഡേജ പറഞ്ഞു.

2006ല്‍ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കായി കളിച്ച ജഡേജ 2008ല്‍ കോഹ്‌ലിക്ക് കീഴില്‍ അണ്ടര്‍ 19 ലോകകപ്പ് നേടിയ ടീമിലും അംഗമായി. ലോകകപ്പ് നേട്ടമാണ് തന്റെ കരിയറില്‍ വഴിത്തിരിവായതെന്നും ജഡേജ പറഞ്ഞു. 2008ല്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിലെത്തിയ ജഡേജ 2009ല്‍ ഇന്ത്യന്‍ ടീമിലെത്തി. 16 ടെസ്റ്റിലും 126 ഏകദിനത്തിലും 37 ടി20യിലും ഇന്ത്യക്കായി കളിച്ച ജഡേജ, റീവ സോളങ്കിയെ ഞായറാഴ്ചയാണ് വിവാഹം കഴിച്ചത്.