കൊളംബോ: നന്നായി കളിച്ചില്ലെങ്കില്‍ അടുത്ത ലോകകപ്പിനുള്ള ടീമില്‍ സ്ഥാനമുണ്ടാവില്ലെന്ന മുന്നറിയിപ്പ് നല്‍കി ധോണി ആരാധകരുടെ രോഷം ഏറ്റുവാങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ് ഒടുവില്‍ മലക്കം മറിഞ്ഞു. ധോണിയുടെ പ്രതിബദ്ധതയെ പുകഴ്‌ത്തിയാണ് പ്രസാദ് അവസാനം രംഗത്തെത്തിയിരിക്കുന്നത്. ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തിന് മുമ്പ് നടന്നൊരു സംഭവമാണ് അന്ന് സെലക്ടറായിരുന്ന പ്രസാദ് ഒരു ചടങ്ങിനിടെ വെളിപ്പെടുത്തിയത്.

രാത്രി വൈകിയും ജിമ്മില്‍ വെയ്റ്റെടുത്ത് പരിശീലനത്തിലായിരുന്നു ധോണി. വെയ്റ്റ് ഉയര്‍ത്തുന്നതിനിടെ ധോണിയുടെ പുറകില്‍ ഒരു പിടുത്തം. എടുത്തയര്‍ത്തിയ വെയ്റ്റും കൊണ്ട് ധോണി നിലത്തുവീണു. ഭാഗ്യത്തിന് ഭാരം അദ്ദേഹത്തിന്റെ ദേഹത്തുവീണില്ല. ധോണിക്ക് നടക്കാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല. ശരിക്കും അദ്ദേഹം ഇഴയുകയായിരുന്നു. ഉടന്‍ ധോണി അപകട സൂചന നല്‍കുന്ന ജിംനേഷ്യത്തിലെ അലാറം അടിച്ചു. മെഡിക്കല്‍ സംഘം ഓടിയെത്തി അദ്ദേഹത്തെ പരിശോധിച്ചു. സ്ട്രെച്ചറിലാണ് ജിമ്മില്‍ നിന്ന് ധോണിയെ പുറത്തേക്ക് കൊണ്ടുപോയത്.

ഞാന്‍ ധാക്കയിലെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെല്ലാം അറിയേണ്ടിയിരുന്നത് ധോണിയെക്കുറിച്ചായിരുന്നു. പാക്കിസ്ഥാനെതിരെ നടക്കാന്‍ പോവുന്നത് നിര്‍ണായക മത്സരമാണ്. അതുകൊണ്ടുതന്നെ ഞാന്‍ ധോണിയുടെ മുറിയിലേക്ക് ചെന്നു. എന്തു പറ്റിയെന്ന ചോദ്യത്തിന് പരിഭ്രമിക്കാനൊന്നുമില്ല പ്രസാദ് ഭായി എന്നായിരുന്നു ധോണിയുടെ മറുപടി.പകരക്കാരനെ ടീമിലെടുക്കണോ എന്നു ചോദിച്ചപ്പോഴും അതു തന്നെ മറുപടി.

Also Read:കളിക്കിടെ ഗ്രൗണ്ടില്‍ ധോണിയുടെ മയക്കം; ആഘോഷമാക്കി ആരാധകര്‍

എന്നാല്‍ പാക്കിസ്ഥാനെതിരായ നിര്‍ണായക മത്സരത്തില്‍ ധോണി കളിക്കാതിരുന്നാലുള്ള കാര്യമോര്‍ത്ത് ഞാന്‍ കടുത്ത സമ്മര്‍ദ്ദത്തിലായി. അടുത്തദിവസം രാവിലെ ഞാന്‍ അദ്ദേഹത്തിന്റെ മുറിയിലെത്തി, അപ്പോഴും അദ്ദേഹം പറയുന്നത് പരിഭ്രമിക്കാനൊന്നുമില്ലെന്നാണ്. എന്നാല്‍ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന് എനിക്കു തോന്നി. അതുകൊണ്ടുതന്നെ അപ്പോള്‍ തന്നെ അന്ന് മുഖ്യ സെലക്ടറായിരുന്ന സന്ദീപ് പാട്ടീലിനെ വിളിച്ച് കാര്യം പറഞ്ഞു. അദ്ദേഹം പാര്‍ഥിവ് പട്ടേലിനെ പകരക്കാരനായി ഉടന്‍ ധാക്കയിലേക്ക് അയച്ചു. ഞാന്‍ വൈകിട്ട് വീണ്ടും ധോണിയുടെ മുറിയിലെത്തി. കുഴപ്പമൊന്നുമില്ലല്ലോ എന്ന് ചോദിച്ചു. മത്സരത്തിന് 24 മണിക്കൂര്‍ മുമ്പെങ്കിലും ടീം ലിസ്റ്റ് സംഘാടകര്‍ക്ക് കൈമാറേണ്ടതുണ്ട്. അതുകൊണ്ടാണ് വീണ്ടും ധോണിയോട് ചോദിച്ചത്.

ഞാന്‍ ചെന്നപ്പോള്‍ ബെഡ്ഡില്‍ നിന്ന് കഷ്ടപ്പെട്ടാണ് അദ്ദേഹം എഴുന്നേറ്റിരുന്നത്. അപ്പോള്‍ അദ്ദേഹം പറഞ്ഞത് പാക്കിസ്ഥാനെതിരെ താന്‍ കളിക്കുമെന്നുതന്നെയാണ്. രാത്രി 11 മണിയോടെ ഞാന്‍ വീണ്ടും ധോണിയുടെ മുറിയിലേക്ക് ചെന്നപ്പോള്‍ അദ്ദേഹം അവിടെയില്ല. റൂഫ് ടോപ്പില്‍ പോയി നോക്കിയപ്പോള്‍ അവിടെയുള്ള നീന്തല്‍ക്കുളത്തിലേക്ക് ഇഴഞ്ഞു നീങ്ങുന്ന ധോണിയെ ആണ് കണ്ടത്. നടക്കാന്‍ ശ്രമിക്കുയാണ് താനെന്നായിരുന്നു ധോണി പറഞ്ഞത്. നടക്കാന്‍ പോലും കഴിയാത്ത ധോണി എങ്ങനെയാണ് നാളെ കളിക്കുക എന്നായിരുന്നു ഞാനപ്പോള്‍ ചിന്തിച്ചത്. അപ്പോഴും ധോണി പറഞ്ഞു, പരിഭ്രമിക്കേണ്ട, നിങ്ങളെന്തായാലും എന്നോടുപോലും ചോദിക്കാതെ പാര്‍ഥിവിനെ ഇവിടെ എത്തിച്ചില്ലെ, അതുകൊണ്ടു നിങ്ങള്‍ക്കൊന്നും പേടിക്കാനില്ലെന്നായിരുന്നു.

Also Read: വിരമിക്കല്‍ പിന്‍വലിച്ച് മടങ്ങി വരൂ; ഇതിഹാസതാരത്തോട് ഗാംഗുലി

എന്നാല്‍ മത്സരദിവസം പാഡ് കെട്ടുന്ന ധോണിയെക്കണ്ട് ഞാന്‍ അമ്പരന്നു. ടീം പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ധോണി ടീം ജേഴ്സി എല്ലാം അണിഞ്ഞ് തയാറായിക്കഴിഞ്ഞിരുന്നു. എന്നെക്കണ്ടപ്പോള്‍ അദ്ദേഹം ചോദിച്ചും, എന്തിനാണ് താങ്കളിത്ര പരിഭ്രമിക്കുന്നതെന്ന്. എന്റെ ഒരു കാലുപോയാല്‍ പോലും പാക്കിസ്ഥാനെതിരെ ഞാന്‍ കളിക്കും. അതാണ് ധോണി-പ്രസാദ് പറഞ്ഞു. മത്സരത്തില്‍ ധോണിയുടെ നേതൃത്വത്തിലറിങ്ങി ഇന്ത്യ പാക്കിസഥാനെ കീഴടക്കുകയും ചെയ്തിരുന്നു.