ലണ്ടന്‍: അഭ്യൂഹങ്ങള്‍ നിഷേധിച്ച് വെയിന്‍ റൂണി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിൽ തുടരുമെന്ന് നായകന്‍ അറിയിച്ചു. വെയിന്‍ റൂണി തത്ക്കാലം ഓള്‍ഡ് ട്രഫോര്‍ഡ് വിടില്ല.ചൈനീസ് ലീഗിലേക്ക് ചേക്കേറുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി മാഞ്ചസ്റ്റര്‍ യുണൈറ്റഡ‍് നായകന്‍ രംഗത്തെത്തി.
തന്നെ സ്വന്തമാക്കാന്‍ നിരവധി ക്ലബ്ബുകള്‍ ശ്രമിക്കുന്നെങ്കിലും, യുണൈറ്റഡിൽ തുടരാന്‍ തീരുമാനിച്ചതായി റൂണി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ചൈനീസ് ക്ലബ്ബുകളുമായി റൂണിയുടെ ഏജന്റ് ചര്‍ച്ചകള്‍ തുടങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇംഗ്ലീഷ് താരത്തിന്റെ വിശദീകരണം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, എഫ് എ കപ്പ്, യൂറോപ്പാ ലീഗ്, ഇംഗ്ലീഷ് ലീഗ് കപ്പ്‍ എന്നിവയിൽ മികച്ച പ്രകടനം നടത്തുകയാണ് ലക്ഷ്യമെന്നും റൂണി പറഞ്ഞു.
ഹോസെ മൗറീന്യോ യുണൈറ്റഡ് പരിശീലകന്‍ ആയതിന് ശേഷമുള്ള 17 പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ എട്ടെണ്ണത്തിൽ മാത്രമാണ് റൂണിക്ക് ആദ്യ ഇലവനില്‍ ഇടംലഭിച്ചത്. ചെങ്കുപ്പായത്തിലെ ഗോള്‍വേട്ടക്കാരില്‍ ഒന്നാമനെങ്കിലും സീസണിൽ രണ്ട് ഗോള്‍ മാത്രമേ റൂണിയുടെ പേരിലുളളൂ. 31കാരനായ റൂണി 2004ലാണ് യുണൈറ്റഡിൽ ചേര്‍ന്നത് യുണൈറ്റഡുമായുള്ള റൂണിയുടെ നിലവിലെ കരാര്‍ 2018ല്‍ അവസാനിക്കും.
