ലണ്ടന്‍: തുടര്‍ച്ചയായ നാലാം ജയത്തോടെ വനിതാ ലോകകപ്പില്‍ സെമി ഉറപ്പിച്ച് ഇന്ത്യന്‍ വനിതകള്‍. 16 റണ്‍സിന് ശ്രീലങ്കയെ തകര്‍ത്താണ് ഇന്ത്യന്‍ വനിതകള്‍ തുടര്‍ച്ചയായ നാലാം ജയം സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 233 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കയുടെ പോരാട്ടം 216 റണ്‍സില്‍ അവസാനിച്ചു. സ്കോര്‍ ഇന്ത്യ 50 ഓവറില്‍ 232/8, ശ്രീലങ്ക 50 ഓവറില്‍ 216/7.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ദീപ്തി ശര്‍മയുടെയും(78) ക്യാപ്റ്റന്‍ മിഥാലി രാജിന്റെയും(53) അര്‍ധ സെഞ്ചുറികളുടെ മികവിലാണ് മികച്ച സ്കോറിലെത്തിയത്. ഓപ്പണര്‍മാരായ പൂനം റാവത്തും(16), സ്മൃതി മന്ദനയും(8) തുടക്കത്തിലെ പുറത്തായതോടെ സമ്മര്‍ദ്ദത്തിലായ ഇന്ത്യയെ ഇരുവരും ചേര്‍ന്ന് കരകയറ്റി. ഇരുവരും ചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 118 റണ്‍സടിച്ചതാണ് ഇന്ത്യന്‍ സ്കോറിന് അടിത്തറയായത്.

മറുപടി ബാറ്റിംഗില്‍ ദിലാനി മന്‍ഡോറയും(61), ശ്രീവര്‍ധനെയും(37) പൊരുതി നോക്കിയെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിമുറുക്കിയതോടെ ലങ്കന്‍ ജയം അസാധ്യമായി. വാലറ്റത്ത് പ്രസാദിനി വീരക്കോടി(17 പന്തില്‍ 21 നോട്ടൗട്ട്) ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കിയെങ്കിലും ലങ്കയെ ജയിപ്പിക്കാന്‍ അത് മതിയായിരുന്നില്ല. നാലാം ജയത്തോടെ സെമി ഉറപ്പിച്ച ഇന്ത്യക്ക് ഇനി ഓസ്ട്രേലിയയെയും ദക്ഷിണാഫ്രിക്കയെയുമാണ് നേരിടാനുള്ളത്.