ലണ്ടന്‍: ലോകകിരീടം നേടിയില്ലെങ്കിലും വിജയികള്‍ തന്നെയാണ് മിതാലിയും സംഘവും. ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകരുടെയും മാധ്യമങ്ങളുടെയും കണ്ണുതുറപ്പിക്കാന്‍ ഇംഗ്ലണ്ടിലെ മുന്നേറ്റത്തിലൂടെ ഇന്ത്യന്‍ വനിതാ ടീമിനായി. 12 വര്‍ഷം മുമ്പ് മിതാലി രാജ് ആദ്യമായി ഒരു വനിതാ ലോകകപ്പ് ഫൈനലില്‍ കളിക്കുമ്പോള്‍ ഇന്ത്യയില്‍ അതിന്റെ തത്സമയ സംപ്രേഷണത്തിന് ഒരുചാനലും തയാറായിരുന്നില്ല. എന്നാല്‍ ഇക്കുറി കാര്യങ്ങള്‍ മാറി. ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ രാജ്യത്തിന്റെ ആശംസകള്‍ മിതാലിപ്പടയ്ക്കൊപ്പമുണ്ടായി.
ഇഷ്ടപ്പെട്ട പുരുഷതാരമാരെന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകനെ മിതാലി തിരുത്തിയപ്പോള്‍ ആരും മുഖം ചുളിച്ചില്ലെന്നതുതന്നെ മാറിയ സമീപനത്തിന് തെളിവായി. സെമിയില്‍ ഹര്‍മന്‍പ്രീത് കൗറിന്റെ അവിശ്വസനീയ ബാറ്റിംഗ് വനിതാ ക്രിക്കറ്റ് താരത്തോടുള്ള ആരാധകരുടെയും അധികാരികളുടെയും സമീപനത്തെ തന്നെ മാറ്റിമറിച്ചു. ഫൈനലിന്റെ തലേന്ന് 50 ലക്ഷം വീതം പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐയും പ്രോത്സാഹനവുമായി ഒപ്പമുണ്ടായി. എന്നാല്‍ ഇതിലുമേറെ അര്‍ഹിക്കുന്നുണ്ട് ഈ വനിതാരത്നങ്ങള്‍.
പുരുഷതാരങ്ങളെപ്പോലെ ബിസിനസ് ക്ലാസില്‍ പറക്കാന്‍ വനിതാ ടീമിനെയും അനുവദിച്ചിട്ട് അധികം നാളൊന്നുമായില്ല. വനിതാ താരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വാര്‍ഷിക കരാര്‍ പുതുക്കാന്‍ ഒട്ടും താല്‍പര്യം കാട്ടിയില്ല ബിസിസിഐ എന്നതും ഇവിടെ ഓര്‍ക്കണം. എ ഗ്രേഡ് കരാര്‍ ലഭിക്കുന്ന പുരുഷ താരത്തിന് ബിസിസിഐ രണ്ട് കോടി രൂപ വാര്‍ഷിക പ്രതിഫലമായി നല്‍കുമ്പോള്‍ അതേ എ ഗ്രേഡ് കരാര്‍ ലഭിക്കുന്ന വനിതാ താരത്തിന് ലഭിക്കുന്നത് വെറും 15 ലക്ഷം രൂപയാണെന്നത് തന്നെ വനിതാ ക്രിക്കറ്റിനെ ബിസിസിഐ എങ്ങനെയാണ് ഇതുവരെ കണ്ടിരുന്നത് എന്നതിന്റെ സൂചനയാണ്.
പുരുഷ ക്രിക്കറ്റിലെപ്പോലെ വിവിധ പ്രായവിഭാഗങ്ങളിലായി മത്സരങ്ങള്‍ നടത്താന്‍ ഇനിയും വൈകിക്കൂടാ. ഐപിഎല്‍ മാതൃകയില്‍ വനിതകള്‍ക്കായി ലീഗ് തുടങ്ങണമെന്ന മിതാലിയുടെ നിര്‍ദേശവും ബിസിസിഐക്ക് മുന്നിലുണ്ട്. ഓസ്ട്രേലിയ വനിതകള്‍ക്കായി വനിതകള്‍ക്കായി ബിഗ് ബാഷ് ലീഗ് തുടങ്ങിയതും ഹിറ്റായതും ബിസിസിഐയുടേയും കണ്ണുതുറപ്പിച്ചേക്കാം.
വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് പ്രഖ്യാപിച്ച് ഇംഗ്ലണ്ടിലെത്തിയ മിതാലിപ്പട അവസാന പടിയില്‍ കാലിടറിയെങ്കിലും തല ഉയര്‍ത്തിത്തന്നെയാണ് മടങ്ങുന്നത്. കോലിമാരുടെ തന്നിഷ്ടമെല്ലാം അനുവദിച്ചുകൊടുക്കുന്ന ക്രിക്കറ്റ് മേലാളന്‍മാര്‍ ഇനിയെങ്കിലും മിതാലിമാരെ മാനിക്കുമെന്ന് വിശ്വസിക്കാം. ലോകകപ്പിലൂടെ ഉയര്‍ന്ന ആവേശം കെടാതെസൂക്ഷിച്ചാല്‍ ഭാവിയില്‍ പുരുഷതാരങ്ങളെപ്പോലും പിന്നിലാക്കി ഹര്‍മന്‍പ്രീതും വേഥ കൃഷ്ണമൂര്‍ത്തിയുമെല്ലാം ക്രിക്കറ്റിലെ ഇന്ത്യയുടെ പോസ്റ്റര്‍ ഗേള്‍സാകുന്ന കാലം വിദൂരമല്ല.
