ഇൻഡോര്‍: രോഹിത് ശര്‍മ്മയുടെ ബാറ്റിൽനിന്ന് സിക്സറുകളുടെ പെരുമഴ പെയ്തപ്പോള്‍ ഇൻഡോറിൽ ഇന്ത്യ തീര്‍ത്തത് മിന്നുന്ന പ്രകടനം. ടി20യിലെ ഒരുപിടി റെക്കോര്‍ഡുകള്‍ വഴിമാറിയ മൽസരത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ അടിച്ചുകൂട്ടിയത് 20 ഓവറിൽ അഞ്ചിന് 260 റണ്‍സ്. രോഹിത് ശര്‍മ്മ ടി20യിലെ അതിവേഗ സെഞ്ച്വറിയെന്ന ലോകറെക്കോര്‍ഡിന് ഒപ്പമെത്തി എന്നതാണ് ഈ മൽസരത്തിന്റെ സവിശേഷത. 35 പന്തിലാണ് രോഹിത് സെഞ്ച്വറി തികച്ചത്. ഇക്കാര്യത്തിൽ ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലര്‍ക്കൊപ്പമാണ് ഇനി രോഹിത് ശര്‍മ്മ

രണ്ടാം ടി20 മൽസരത്തിൽ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്യേണ്ടിവന്നെങ്കിലും രോഹിതും കൂട്ടരും അടിച്ചുതകര്‍ത്തപ്പോൾ ലങ്കൻ ബാറ്റ്‌സ്‌മാൻമാര്‍ വെറും കാഴ്‌ചക്കാരായി. ടി20യിലെ അതിവേഗ സെഞ്ച്വറി നേടിയ രോഹിത് ശര്‍മ്മ ഇന്ത്യയെ മുന്നിൽനിന്ന് നയിക്കുകയായിരുന്നു. 43 പന്തിൽ 118 റണ്‍സെടുത്ത രോഹിത് ശര്‍മ്മ 12 ബൗണ്ടറികളും പത്ത് സിക്‌സറുകളും പറത്തിയാണ് കാഴ്‌ചക്കാര്‍ക്ക് വിരുന്നൊരുക്കിയത്. ടി20യിലെ അതിവേഗ സെഞ്ച്വറിയാണ് രോഹിത് ഇൻഡോറിൽ കുറിച്ചത്. 35 പന്തിൽ മൂന്നക്കം തികച്ച രോഹിത് ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലര്‍ക്കൊപ്പമാണ് ഈ റെക്കോര്‍ഡ് പങ്കിടുന്നത്. ടി20യിലെ രണ്ടാം സെഞ്ച്വറിയാണ് രോഹിത് സ്വന്തമാക്കിയത്. ഓപ്പണിങ് വിക്കറ്റിൽ രോഹിതും രാഹുലും ചേര്‍ന്ന് 12.4 ഓവറിൽ 165 റണ്‍സാണ് അടിച്ചെടുത്തത്. ഇത് ഇന്ത്യയുടെ റെക്കോര്‍ഡാണ്. രാഹുൽ 49 പന്തിൽ 89 റണ്‍സെടുത്തു. അഞ്ചു ബൗണ്ടറികളും എട്ടു സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്സ്. എം എസ് ധോണി പന്തിൽ റണ്‍സെടുത്തു. ധോണിയുടെ ബാറ്റിൽനിന്ന് ബൗണ്ടറികളും സിക്‌സറുകളും പറന്നു. തിസര പെരേര, നുവൻ പ്രദീപ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി.

മലയാളി താരം ബേസിൽ തമ്പി കളിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും അവസാനനിമിഷം ടീമിൽ മാറ്റംവരുത്തേണ്ടതില്ലെന്ന് ടീം മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. അതേസമയം ശ്രീലങ്കൻ ടീമിൽ രണ്ടു മാറ്റങ്ങളുണ്ട്. വിശ്വ ഫെര്‍ണാണ്ടോ, ദസുൻ ശനക എന്നിവര്‍ക്ക് പകരം സദീര സമരവിക്രമ, ചതുരംഗ ഡി സിൽവ എന്നിവര്‍ ശ്രീലങ്കൻ ടീമിൽ ഇടംനേടി.

ആദ്യ മൽസരം ജയിച്ച ഇന്ത്യ മൂന്നു മൽസരങ്ങളുടെ പരമ്പരയിൽ 1-0ന് മുന്നിലാണ്.