കാണ്‍പൂര്‍: വിരമിക്കല്‍ പ്രഖ്യാപിച്ചില്ലായിരുന്നെങ്കില്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ഏകദിന ടീമില്‍ നിന്ന് പുറത്താക്കുന്നതിനെക്കുറിച്ച് സെലക്ടര്‍മാര്‍ ഗൗരവമായി ചിന്തിച്ചിരുന്നുവെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി മുന്‍ ചെയര്‍മാന്‍ സന്ദീപ് പാട്ടീല്‍. 2011ലെ ഏകദിന ലോകകപ്പ് വിജയത്തിനുശേഷവും സച്ചിന്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചില്ലായിരുന്നു.

2012 ഡിസംബറില്‍ സച്ചിനുമായി സെലക്ടര്‍മാര്‍ കൂടിക്കാഴ്ച നടത്തിയെന്ന് സന്ദീപ് പാട്ടീല്‍ വ്യക്തമാക്കി. എന്താണ് ഭാവി പദ്ധതികളെന്ന് സച്ചിനോട് ആരാഞ്ഞു. വിരമിക്കല്‍ തന്റെ ചിന്തയിലില്ലെന്നായിരുന്നു സച്ചിന്റെ മറുപടി. എന്നാല്‍ സെലക്ഷന്‍ കമ്മിറ്റി സച്ചിന്റെ കാര്യത്തില്‍ഒ രു ധാരണയിലെത്തി ബിസിസിഐയെ അറിയിച്ചു. ഇതോടെ വരാന്‍പോകുന്നതിനെക്കുറിച്ച് സച്ചിന് ബോധ്യമുണ്ടായെന്ന് വേണം കരുതാന്‍. അധികം വൈകാതെ അദ്ദേഹം ഏകദിനങ്ങളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.

അന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചില്ലായിരുന്നെങ്കില്‍ സച്ചിന്‍ തീര്‍ച്ചയായും പുറത്താക്കപ്പെടുമായിരുന്നുവെന്നും സന്ദീപ് പാട്ടീല്‍ വ്യക്തമാക്കി. ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നതിന് മുമ്പും ഇത്തരത്തില്‍ സച്ചിന് മുന്നറിയിപ്പ് നല്‍കിയിരുന്നോ എന്ന് മുമ്പ് സന്ദീപ് പാട്ടീലിനോട് ചോദിച്ചിരുന്നു. ബിസിസിഐയും സെലക്ടര്‍മാരും തമ്മില്‍ നടക്കുന്ന ചില ആശയവിനിമയങ്ങള്‍ രഹസ്യമാണെന്നായിരുന്നു അന്ന് സന്ദീപ് പാട്ടീലിന്റെ മറുപടി.