ഐപിഎല്ലിനിടെ പരിക്കേറ്റ സാഹ ഈ മത്സരത്തില്‍ കളിക്കുന്ന കാര്യത്തില്‍ ഇതുവരെ ബിസിസിഐ തീരുമാനമൊന്നും എടുത്തിട്ടില്ല.
മുംബെെ: ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന അഫ്ഗാനിസ്ഥാന്റെ അരങ്ങേറ്റ ടെസ്റ്റില് ഇന്ത്യന് വിക്കറ്റ് കീപ്പര് വൃദ്ധിമാന് സാഹ കളിച്ചേക്കില്ല. ഐപിഎല്ലിനിടെ പരിക്കേറ്റ സാഹ ഈ മത്സരത്തില് കളിക്കുന്ന കാര്യത്തില് ഇതുവരെ ബിസിസിഐ തീരുമാനമൊന്നും എടുത്തിട്ടില്ല. അടുത്തയാഴ്ച ലഭിക്കുന്ന എക്സ് റേ റിപ്പോര്ട്ട് ലഭിച്ച ശേഷം സാഹയുടെ കാര്യത്തില് അന്തിമ തീരുമാനമെടുക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങള് നല്കുന്ന സൂചന. ജൂണ് 14 മുതല് ബംഗളൂരു ചിന്നസ്വാമിയാണ് ടെസ്റ്റിന് തുടക്കം.
സാഹയുടെ വലത് കെെയിലെ തള്ളവിരലിന് ശസ്ത്രക്രിയ വേണമോയെന്ന് എക്സ് റേ റിപ്പോര്ട്ട് വരുന്നതോടെ വ്യക്തമാകും. ഐപിഎല്ലിലെ രണ്ടാം ക്വാളിഫയറില് കൊല്ക്കത്ത നെെറ്റ് റെെഡേഴ്സിന്റെ ശിവം മാവിയുടെ ബൗണ്സര് നേരിടുന്നതിനിടെയാണ് സാഹയ്ക്കു പരിക്കേറ്റത്. കളിക്കാന് പറ്റുന്ന കാര്യത്തില് സാഹയും വലിയ ആത്മവിശ്വാസത്തിലല്ല.
തോളിനേറ്റ പരിക്ക് മൂലം നേരത്തേ ആറ് ഐപിഎല് മത്സരങ്ങള് സാഹയ്ക്ക് നഷ്ടമായിരുന്നു. അഫ്ഗാനിസ്ഥാനെതിരെ പ്രഖ്യാപിച്ച ഇന്ത്യന് ടീമില് സാഹ മാത്രമാണ് സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറായിട്ടുള്ളത്. കെ.എല്. രാഹുല് ടിമിലുള്ളതിനാല് സാഹ പുറത്തായാലും മറ്റൊരാളെ ടീമിലേക്ക് പരിഗണിക്കാന് സാധ്യത കുറവാണ്. അങ്ങനെയല്ലെങ്കില് ദിനേശ് കാര്ത്തിക്കിനെയോ പാര്ഥിവ് പട്ടേലിനെയോ ആവും പരിഗണിക്കുക.
