ദില്ലി : സുപ്രീംകോടതി നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയ്യാറാകാത്ത ബിസിസിഐ നേതൃത്വത്തെ പിരിച്ചു വിടണമെന്ന് സുപ്രീംകോടതി നിയമിച്ച വിനോദ് റായി നയിക്കുന്ന ഭരണസമിതി. സി.ജെ ഖന്ന, അമിതാഭ് ചൗധരി, അനിരുദ്ധ് ചൗധരി എന്നിവരെ ഇപ്പോഴുള്ള സ്ഥാനത്ത് നിന്നും മാറ്റണമെന്നാണ് സുപ്രീംകോടതി മൂന്നംഗ ഭരണസമിതിയോട് ആവശ്യപ്പെട്ടത്. 

ബിസിഐ സിഇഒ രാഹുല്‍ ജോഹ്രിക്ക് പകരം ചുമതല നല്‍കാനാണ് ഭരണസമിതി നിര്‍ദേശിക്കുന്നത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമിതി സുപ്രീംകോടതി മുന്‍പാകെ സമര്‍പ്പിച്ചു. പിരിച്ചുവിടല്‍ കൂടാതെ ഡല്‍ഹി, ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനുകളില്‍ സുപ്രീംകോടതിയില്‍ നിന്നും വിരമിച്ച ജഡ്ജി നേതൃത്വം നല്‍കുന്ന കമ്മറ്റി രൂപീകരിച്ച് ഫോറന്‍സിക് ഓഡിറ്റ് നടത്തണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. 

പരിഷ്‌കരണങ്ങള്‍ നടപ്പില്‍ വരുത്താന്‍ ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കും താത്പര്യമില്ലെന്നും കമ്മറ്റിയുടെ അഞ്ചാം റിപ്പോര്‍ട്ടില്‍ ആവര്‍ത്തിക്കുന്നു.