ലാഹോര്‍: സ്പിന്നും പേസും ഒരുപോലെ എറിയുന്ന നിരവധി ബൗളര്‍മാര്‍ ലോക ക്രിക്കറ്റിലുണ്ട്. ഓസ്ട്രേലിയയുടെ ആന്‍ഡ്ര്യൂ സൈമണ്ട്സിനെ പോലുള്ളവര്‍. എന്നാല്‍ ഇടം കൈ കൊണ്ടും വലം കൈ കൊണ്ടും ഒരേവേഗത്തില്‍ ഒരു പോലെ പന്തെറിയുന്നവരെക്കുറിച്ച് അധികം ആരും കേട്ടു കാണില്ല. തലയെടുപ്പുള്ള ഒരുപാട് പേസ് ബൗളര്‍മാരെ സമ്മാനിച്ചിട്ടുള്ള പാക്കിസ്ഥാനില്‍ നിന്നാണ് ഇരു കൈകൊണ്ടും ഒരുപോലെ പന്തെറിയാന്‍ കഴിയുന്ന യാസിര്‍ ജാനെന്ന അത്ഭുത പ്രതിഭയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വരുന്നത്.

വലം കൈ കൊണ്ട് 145 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിയാന്‍ കഴിയുന്ന യാസിറിന് ഇടം കൈ കൊണ്ട് 135 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിയാന്‍ കഴിയും. അസാമാന്യ മികവുള്ള ബൗളറാണ് 21കാരനായ യാസിറെന്ന് പരിശീലകനായ മുഹമ്മദ് സല്‍മാനും പറയുന്നു. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ലാഹോര്‍ ഖലാന്‍ഡാര്‍സിന്റെ താരമാണ് യാസിര്‍ ഇപ്പോള്‍.

യാസിറിന്റെ മികവു കണ്ട ഖലാന്‍ഡാര്‍സ് 10 വര്‍ഷ കരാറാണ് ഒറ്റയടിക്ക് കൈമാറിയത്. ബാറ്റ്സ്മാന്‍ ഇടം കൈയനാണോ വലം കൈയനാണോ എന്ന് നോക്കി ബൗളിംഗ് രീതിയില്‍ മാറ്റം വരുത്താന്‍ യാസിറിന് കഴിയും. ഒരോവറില്‍ തന്നെ രണ്ടും കൈകളുപയോഗിച്ചും ബൗള്‍ ചെയ്യുന്നതിന് നിലവില്‍ വിലക്കില്ല.