ലണ്ടന്‍: ലണ്ടന്‍ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ വേണ്ടെന്ന് ഗുസ്തി താരം യോഗേശ്വര്‍ ദത്ത്. ലണ്ടനില്‍ വെള്ളി നേടിയ റഷ്യന്‍ താരം ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്നാണ് യോഗേശ്വറിന്റെ വെങ്കലം വെള്ളിയായത്. അന്തരിച്ച റഷ്യന്‍ താരത്തിന്‍റെ കുടുംബത്തിന് മെഡല്‍ സൂക്ഷിക്കാമെന്ന് യോഗേശ്വര്‍ അറിയിച്ചു.

ലണ്ടന്‍ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ വെള്ളിയായി ഉയര്‍ത്തപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യന്‍ ഗുസ്തിതാരം യോഗേശ്വര്‍ ദത്തിന്റെ അത്യപൂ‍ര്‍വ തീരുമാനം. ലണ്ടനില്‍ വെള്ളിമെഡല്‍ നേടിയ റഷ്യയുടെ ബെസിക് കുഡുഖോവ് ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു. ഇതോടെയാണ് യോഗേശ്വറിന്റെ വെങ്കലം വെള്ളിയായത്. ഇക്കാര്യം അന്താരാഷ്‌ട്ര ഒളിംപിക് കമ്മിറ്റി യോഗേശ്വറിനെ അറിയിക്കുകയും ചെയ്തു. നാലു തവണ ലോകചാംപ്യനായ കുഡുഖോവ് 2013ല്‍ നടന്നൊരു കാറപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് ഉത്തേജകമരുന്ന് പരിശോധനാ ഫലം വന്നത്. ഇതുകൊണ്ടുതന്നെ മഹാനായ ഗുസ്തി താരത്തിനോടുള്ള ആദരസൂചകമായി മെഡല്‍ സ്വീകരിക്കുന്നില്ലെന്നും വെള്ളിമെഡല്‍ റഷ്യന്‍ താരത്തിന്‍റെ കുടുംബത്തിന് തന്നെ സൂക്ഷിക്കാമെന്നും യോഗേശ്വര്‍ ട്വിറ്ററിലൂടെ അറിയിച്ചു.

Scroll to load tweet…
Scroll to load tweet…

ലണ്ടനില്‍ 60 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയിലാണ് യോഗേശ്വര്‍ വെങ്കലം നേടിയത്. യോഗേശ്വറിന്റെ തീരുമാനത്തെ കായികലോകം കൈയടിയോടെ വരവേറ്റുവെങ്കിലും വെള്ളി മെഡല്‍ വേണ്ടെന്ന യോഗേശ്വറിന്റെ തീരുമാനം അന്താരാഷ്‌ട്ര ഒളിംപിക് കമ്മിറ്റി അംഗീകരിക്കാനിടയില്ലെന്നാണ് സൂചന. ഉത്തേജകമരുന്ന് ഉപയോഗിച്ചതിന് പിടിക്കപ്പെട്ടവരുടെ മെഡല്‍ തിരിച്ചുവാങ്ങുന്നതും, അത് തൊട്ടുപിന്നിലെത്തിയ താരത്തിന് സമ്മാനിക്കുന്നതുമാണ് ഐ ഒ സിയുടെ നടപടി.