2012ലെ ലണ്ടന്‍ ഒളിംപിക്‌സ് ഗുസ്തിയില്‍ യോഗേശ്വര്‍ ദത്തിന്റെ വെങ്കല മെഡല്‍ വെള്ളിയായി. ഒളിംപിക്‌സ് അസോസിയേഷന്റെ അറിയിപ്പ് ലഭിച്ചതായി യോഗേശ്വര്‍ ദത്ത് ട്വിറ്ററില്‍ പോസ്റ്റിട്ടു. ലണ്ടനില്‍ വെള്ളി നേടിയ റഷ്യന്‍ താരം ബെസിക് കുഡുക്കോവ് ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങിയതോടെയാണ് യോഗേശ്വറിന് സ്ഥാനക്കയറ്റം ലഭിക്കുന്നത്. 60 കിലോഗ്രാം ഫ്രീസ്‌റ്റൈലിലാണ് നേട്ടം. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് രാജ്യാന്തര ഒളിപിക് കമ്മിറ്റി വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു. യോഗേശ്വറിന് വെള്ളി ലഭിക്കുന്നതോടെ ഒളിംപിക്‌സില്‍ ഈ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമായി മാറാന്‍ അദ്ദേഹത്തിന് സാധിച്ചു. ലണ്ടനിലെ ഗുസ്തിയില്‍ സുശീല്‍ കുമാര്‍ വെള്ളി നേടിയിരുന്നു.

നേരത്തെ അഞ്ജു ബോബി ജോര്‍ജ്ജിനും ഇത്തരത്തില്‍ ഒളിംപിക്‌സ് മെഡല്‍ സാധ്യത ഉണ്ടായിരുന്നു. അഞ്ജു മല്‍സരിച്ച ഇനത്തില്‍ മെഡല്‍ നേടിയ റഷ്യന്‍ താരങ്ങള്‍ ഉത്തേജക വിവാദത്തില്‍ കുടുങ്ങിയതോടെയാണ് മെഡല്‍ സാധ്യത ഉണ്ടായത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതേവരെ അന്തിമ തീരുമാം ഉണ്ടായിട്ടില്ല.