നാളെ ദില്ലിക്കെതിരെ രഞ്ജി ട്രോഫി നിര്‍ണായക മത്സരത്തിനിറങ്ങുന്ന കേരള ടീമില്‍ മാറ്റം. ബാറ്റിങ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അണ്ടര്‍ 19 കേരള ടീം ക്യാപ്റ്റന്‍ വത്സന്‍ ഗോവിന്ദിനെ ടീമില്‍ ഉള്‍പ്പെടുത്തി. ഓള്‍റൗണ്ടറായ വത്സല്‍ ഗോവിന്ദ് ചലഞ്ചര്‍ ട്രോഫിക്കുള്ള ഇന്ത്യ ഗ്രീന്‍ ടീമിലും അംഗമായിരുന്നു.

തിരുവനന്തപുരം: നാളെ ദില്ലിക്കെതിരെ രഞ്ജി ട്രോഫി നിര്‍ണായക മത്സരത്തിനിറങ്ങുന്ന കേരള ടീമില്‍ മാറ്റം. ബാറ്റിങ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അണ്ടര്‍ 19 കേരള ടീം ക്യാപ്റ്റന്‍ വത്സന്‍ ഗോവിന്ദിനെ ടീമില്‍ ഉള്‍പ്പെടുത്തി. ഓള്‍റൗണ്ടറായ വത്സല്‍ ഗോവിന്ദ് ചലഞ്ചര്‍ ട്രോഫിക്കുള്ള ഇന്ത്യ ഗ്രീന്‍ ടീമിലും അംഗമായിരുന്നു. 635 റണ്‍സ് നേടിയ വത്സല്‍ ഗോവിന്ദാണ് ഈ സീസണിലെ അണ്ടര്‍ 19 കൂച്ച് ബിഹാര്‍ ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത്. 

ഒഡീഷക്കെതിരെ ആദ്യ ഇന്നിങ്ങ്സില്‍ ട്രിപ്പിള്‍ സെഞ്ച്വറിയും നേടിയിരുന്നു. തൃശൂര്‍ കേരളവര്‍മ കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് ചാലക്കുടി സ്വദേശിയായ വത്സല്‍ ഗോവിന്ദ്. ദില്ലിക്കെതിരെ നാളെ രാവിലെ 9ന് തുമ്പയില്‍ മത്സരം ആരംഭിക്കും. 13 പോയിന്റുമായി ഗ്രൂപ്പില്‍ നാലാമതുളള കേരളത്തിന് ജയം അനിവാര്യമാണ്. കഴിഞ്ഞ രണ്ട് മത്സരവും തോറ്റ കേരളത്തിന്, സഞ്ജു സാംസണ്‍ ഫോമിലേക്ക് തിരിച്ചെത്തിയത് ആശ്വാസമാകും.

നാളത്തെ മത്സരം ഉള്‍പ്പെടെ മൂന്ന് മാച്ചുകളാണ് കേരളത്തിന് ബാക്കിയുള്ളത്. അവസാന രണ്ട് മത്സരങ്ങള്‍ എവേ ഗ്രൗണ്ടിലാണ്. ധ്രുവ് ഷോറെയ് നയിക്കുന്ന ഡല്‍ഹി ഏഴ് പോയിന്റുമായി പതിമൂന്നാം സ്ഥാനത്താണ്. ഗൗതം ഗംഭീര്‍ വിരമിച്ചതിന് ശേഷം ഡല്‍ഹിയുടെ ആദ്യ രഞ്ജി ട്രോഫി മത്സരമാണിത്.