Asianet News MalayalamAsianet News Malayalam

അഞ്ചുമാസ വിലക്ക്; പത്താന് പക്ഷെ ഐപിഎല്‍ നഷ്ടമാവില്ല

Yusuf Pathan wont miss IPL
Author
First Published Jan 9, 2018, 2:34 PM IST

ബറോഡ: ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ അഞ്ചുമാസത്തേക്ക് ബിസിസിഐ വിലക്കിയെങ്കിലും യൂസഫ് പത്താന് ഐപിഎല്‍ നഷ്ടമാവില്ല. പത്താന്റെ വിലക്ക് ജനുവരി 14ന് അവസാനിക്കുന്ന സാഹചര്യത്തിലാണിത്. മുന്‍കാല പ്രാബല്യത്തോടെയാണ് പത്താനെ ബിസിസിഐ വിലക്കിയത്. മാര്‍ച്ച് 16ന് നടന്ന ആഭ്യന്തര ട്വന്റി-20 മത്സരത്തിനിടെയാണ് ഉത്തേജകമരുന്ന പരിശോധനക്കായി പത്താന്റെ മൂത്ര സാംപിള്‍ എടുത്തത്. ഇതിലാണ് നിരോധിത മരുന്നായ ടെര്‍ബുറ്റാലിന്റെ സാന്നിധ്യം കണ്ടെത്തിയത്.

ലോക ഉത്തേജക വിരുദ്ധ ഏജന്‍സി(വാഡ) നിരോധിത മരുന്നുകളുടെ പട്ടികയില്‍ പെടുത്തിയിട്ടുള്ള മരുന്നാണിത്. ഒക്ടോബര്‍ 27നാണ് ബിസിസിഐയുടെ ഉത്തേജക വിരുദ്ധ സമിതി പത്താനെ കുറ്റക്കാരനെന്ന് കണ്ടെത്തി മുന്‍കാല പ്രാബല്യത്തോടെ സസ്പെന്‍ഡ് ചെയ്തത്. ഓഗസ്റ്റ് 15 മുതല്‍ ജനുവരി 14വരെ അഞ്ചു മാസത്തേക്കായിരുന്നു വിലക്ക്. എന്നാല്‍ മന:പൂര്‍വമല്ല നിരോധിത മരുന്ന് കഴിച്ചതെന്നും ശ്വസന സംബന്ധമായ അസുഖത്തിന് കഴിച്ച മരുന്നുകളുടെ കൂടെ അബദ്ധത്തില്‍ കഴിച്ചതാണെന്നും പത്താന്റെ വിശദീകരണം കേട്ട സമിതി ഇത് തൃപ്തികരമാണെന്ന് കണ്ടെത്തുകയായിരുന്നു.

മന:പൂര്‍വം ഉത്തേജകമരുന്ന് കഴിച്ചതല്ലെന്ന വിശദീകരണം ബിസിസിഐ ഉത്തേജകവിരുദ്ധ സമിതി അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നും രാജ്യത്തിനും തന്റെ ടീമായ ബറോഡക്കും വേണ്ടി കളിക്കുക എന്നത് അഭിമാനമായി കരുത്തനയാളാണ് താനെന്നും പത്താന്‍ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു. രാജ്യത്തിനോ ബറോഡ ടീമിനോ അപമാനകരമായ യാതൊന്നും താന്‍ ചെയ്തിട്ടില്ലെന്നും ഇനി ചെയ്യില്ലെന്നും പത്താന്‍ പറഞ്ഞു. ഭാവിയില്‍ മരുന്നുകള്‍ കഴിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്നും പത്താന്‍ പറഞ്ഞു. പ്രകടനം മെച്ചപ്പെടുത്തനായല്ല മറ്റ് അസുഖങ്ങളുടെ ഭാഗമായി അബദ്ധത്തില്‍ കഴിച്ചതാണെന്ന പത്താന്റെ വിശദീകരണം തൃപ്തികരമാണെന്ന് ബിസിസിഐയും വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios