ദില്ലി: ദീര്‍ഘകാലമായി ഇന്ത്യന്‍ ടീമിന് പുറത്താണ് യുവരാജ് സിംഗിന്‍റെ സ്ഥാനം. പരിക്കും ഫോമില്ലായ്മയും വലയ്ക്കുന്നതിനിടെ യുവിക്ക് യോയ ടെസ്റ്റ് എന്ന കടമ്പ കടക്കാന്‍ പലതവണയും കഴിഞ്ഞില്ല. അതോടെ യുവിയുടെ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് അനിശ്ചിതത്വത്തിലായി. എന്നാല്‍ മുഷ്താഖ് അലി ട്രോഫിയില്‍ തകര്‍ത്തടിച്ച് ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുന്നു യുവി. ഇതോടെ യുവി ഫിറ്റ്നസ് തിരിച്ചുപിടിച്ചിരിക്കുന്നു എന്നാണ് സൂചന.

മുഷ്താഖ് അലി ട്രോഫിയില്‍ ദില്ലിക്കെതിരെയായിരുന്നു യുവിയുടെ താണ്ഡവം. 40 പന്തുകളില്‍ നിന്ന് നാല് ഫോറും ഒരു സിക്സും സഹിതം യുവി അര്‍ദ്ധ സെഞ്ചുറി നേടി. യുവിയുടെയും വൊഹ്‌റയുടെയും ബാറ്റിംഗ് മികവില്‍ പഞ്ചാബ് 20 ഓവറില്‍ 170 റണ്‍സ് അടിച്ചെടുത്തു. എന്നാല്‍ ദില്ലിയുടെ ഇന്നിംഗ്സ് 168ല്‍ അവസാനിച്ചതോടെ പഞ്ചാബ് തകര്‍പ്പന്‍ വിജയം നേടി. ഐപിഎല്‍ ലേലം വരാനിരിക്കേ യുവിയുടെ തകര്‍പ്പന്‍ ഇന്നിംഗ്സിന്‍റെ പ്രാധാന്യം വലുതാണ്.