ദില്ലി: കളിക്കളത്തിൽ യുവരാജ്​ ബാറ്റിങ്​ വെടിക്കെട്ടിന്​ തിരികൊളുത്തുന്ന താരമാണെങ്കിൽ ജീവിതത്തിൽ തളരാത്ത പോരാട്ടത്തി​ന്‍റെ പ്രതീകമാണ്​. ആ പോരാട്ടവീര്യത്തിന്​ മുന്നിൽ ആദരവ്​ പ്രകടിപ്പിക്കുകയാണ്​ ഗ്വാളിയാറിലെ ​ഐ.ടി.എം സർവകലാശാല ചെയ്​തത്​. ഡോക്​ടറേറ്റ്​ (പി.എഛ്​.ഡി) നൽകിയാണ്​ ഇന്ത്യൻ ബാറ്റിങ്​ നിരയുടെ നെടുംതൂണായി വിളങ്ങിയ താരത്തെ സർവകലാശാല ആദരിച്ചത്​. അസാധാരണ കായിക ശൗര്യത്തി​ന്‍റെ പ്രതീകം, സമന്വയതത്തി​ന്‍റെയും വിനയത്തിന്‍റെയും പ്രേരക ശക്​തി എന്നീ വിശേഷണങ്ങ​ളോടെയാണ്​ യുവരാജിനെ സർവകലാശാല ആദരിച്ചത്​. 

ഡോ.എ.എസ്​ കിരൺകുമാർ, ഗോവിന്ദ്​ നിഹലാനി, ഡോ. അശോക്​ വാജ്​പേയി, രജത്​ ശർമ, ഡോ. ആർ.എ മഷേൽകർ, അരുണ റോയ്​ എന്നീ പ്രമുഖരും യുവരാജിനൊപ്പം ഒാണററി ഡോക്​ടറേറ്റ്​ ആദരം ഏറ്റുവാങ്ങി. ആദരവ്​ തന്‍റെ ഉത്തരവാദിത്വം വർധിപ്പിക്കുകയാണെന്നു യുവരാജ്​ പറഞ്ഞു. ഭാര്യ ഹസേൽ കീച്ചിനൊപ്പം ഒന്നാം വിവാഹ വാർഷിക ആഘോഷിച്ച താരത്തിന്​ ഇത്​ ഇരട്ട ആഘോഷത്തി​ന്‍റെ ​സന്ദർഭവുമായി. വിവാഹ വാർഷികത്തി​ന്‍റെ ഭാഗമായുള്ള അത്താഴത്തിൽ ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ ബോളിവുഡ്​ താരം കൂടിയായ ​ഹസേൽ ഇൻസ്​റ്റാഗ്രാമിൽ പങ്കുവെക്കുകയും ചെയ്​തു. ഇത്​ പിന്നീട്​ വൈറലാവുകയും ചെയ്​തു. 

2007ലെ ട്വൻറി 20 ലോകകപ്പിൽ ഇംഗ്ലണ്ടിന്‍റെ സ്​റ്റ്യുവർട്​ ബ്രോഡിന്‍റെ ഒാവറിലെ ആറ്​ പന്തിലും സിക്​സർ പറത്തിയ യുവരാജ്​ തുടർന്നങ്ങോട്ട്​ ക്രിക്കറ്റ്​ ആരാധകരുടെ ഇഷ്​ടതാരമായി. 2011ൽ ഇന്ത്യ വിജയിച്ച ലോകകപ്പിൽ മാൻ ഒാഫ്​ ദ ടൂർണമെൻറും യുവി ആയിരിന്നു. കരിയറിനിടെ എത്തിയ കാൻസർ ബാധയെ ചികിത്സയിലൂടെയും മനക്കരുത്തിലൂടെയും അതിജീവിച്ച താരം അനേകായിരങ്ങളുടെ പ്രചോദനവുമാണ്​.