ക്രിക്കറ്റ് കൂടുതല്‍ മെച്ചപ്പെടുത്താൻ താരങ്ങള്‍ സ്വയം വഴികള്‍ കണ്ടെത്തേണ്ടിയിരിക്കുന്നെന്നും യുവരാജ് അഭിപ്രായപ്പെട്ടു

ഇന്ത്യൻ യുവതാരങ്ങളായ ശുഭ്മാൻ ഗില്ലിനും അഭിഷേക് ശർമയ്ക്കും ക്രിക്കറ്റില്‍ കൂടുതല്‍ മികവ് പുലർത്താൻ ഗോള്‍ഫ് കളിക്കാൻ നിർദേശിച്ച് മുൻതാരം യുവരാജ് സിങ്. കഴിഞ്ഞ ഐപിഎല്ലിനിടെയായിരുന്നു യുവരാജ് ഇരുവർക്കും മുന്നില്‍ ഇത് അവതരിപ്പിച്ചത്. ഇന്ത്യയുടെ 2007 ട്വന്റി 20 ലോകകപ്പിലും 2011 ഏകദിന ലോകകപ്പിലും വിജയശില്‍പ്പിയായിരുന്നു യുവരാജ് വിരമിക്കലിന് ശേഷം ഗോള്‍ഫിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സച്ചിൻ തെൻഡുല്‍ക്കർ, എം എസ് ധോണി, ബ്രയൻ ലാറ തുടങ്ങിയവരും ഗോള്‍ഫ് പാത സ്വീകരിച്ച ക്രിക്കറ്റ് താരങ്ങളാണ്.

“ഞാൻ രണ്ട് പേരോടും ഗോള്‍ഫ് കളിക്കാൻ നിർദേശിച്ചു. പറയുക മാത്രമല്ല പ്രോത്സാഹിപ്പിക്കുകയും ചെയ്തു. വളരെ തിരക്കേറിയതാണ് ഇക്കാലത്തെ ക്രിക്കറ്റ് കലണ്ടർ. അതുകൊണ്ട് സമയം കണ്ടെത്തുക എളുപ്പമല്ല. എന്നാല്‍, ഐപിഎല്ലിന്റെ സമയത്ത് ഗോള്‍ഫ് കളിക്കാനാകുന്നതാണ്,” യുവരാജ് പറഞ്ഞു.

ക്രിക്കറ്റ് കൂടുതല്‍ മെച്ചപ്പെടുത്താൻ താരങ്ങള്‍ സ്വയം വഴികള്‍ കണ്ടെത്തേണ്ടിയിരിക്കുന്നെന്നും അതിനുള്ള ഉത്തരം ഗോള്‍ഫാണെന്നും യുവരാജ് വിശ്വസിക്കുന്നു. മാനസികാവസ്ഥ മെച്ചപ്പെട്ട നിലയില്‍ തുടരാനും ഗോള്‍ഫ് സഹായിക്കുമെന്നാണ് യുവരാജിന്റെ പക്ഷം. പല ലോകോത്തര താരങ്ങളുടെ വളർച്ചയ്ക്ക് പിന്നിലും ഗോള്‍ഫ് പോലുള്ള മറ്റ് കായിക ഇനങ്ങളുണ്ടെന്നും യുവരാജ് പറയുന്നു.

“എല്ലാം അവരുടെ തീരുമാനമാണ്. അവരാണ് ക്രിക്കറ്റിലെ ഇപ്പോഴത്തെ സൂപ്പർ താരങ്ങള്‍. എന്താണ് തങ്ങളുടെ ക്രിക്കറ്റ് മെച്ചപ്പെടാൻ സഹായിക്കുക എന്നത് അവരാണ് തീരുമാനിക്കേണ്ടത്. ഗോള്‍ഫ് അത്തരമൊരു കായിക ഇനമാണ്. ക്രിക്കറ്റ് താരങ്ങളെ മാത്രമല്ല എല്ലാ കായിക താരങ്ങളേയും ഗോള്‍ഫ് കളിക്കാൻ ഞാൻ പ്രോത്സാഹിപ്പിക്കാൻ ആഗ്രഹിക്കുന്നു,” യുവരാജ് കൂട്ടിച്ചേർത്തു.

“നിങ്ങളെ ശാന്തമാക്കാൻ സഹായിക്കുന്ന ഏതൊരു കായിക വിനോദവും ഉപകാരപ്രദമായിരിക്കും. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ ഗോൾഫ് സംസ്കാരം നിങ്ങൾ കാണുകയാണെങ്കിലും മിക്ക മികച്ച ക്രിക്കറ്റ് കളിക്കാരും വളരെ ചെറുപ്പം മുതലേ ഗോൾഫ് കളിച്ചിട്ടുണ്ട്. നിങ്ങൾക്ക് ഒരു ഗെയിമിനായി മാനസികമായി ഉന്മേഷം നേടാൻ എങ്ങനെ സാധിക്കുമെന്നതാണ് ചോദ്യം. ലോകത്തിലെ ഏതൊരു കായികതാരവും ഗോൾഫ് കളിക്കണം, കാരണം അത് അവരുടെ ഏറ്റവും മികച്ചത് പുറത്തുകൊണ്ടുവരാൻ സഹായിക്കും. ഞാൻ പണ്ട് മുതല്‍ ഗോള്‍ഫ് കളിച്ചിരുന്നേല്‍ 3,000 റണ്‍സ് കൂടി നേടാനാകുമായിരുന്നു,” യുവരാജ് കൂട്ടിച്ചേർത്തു.