റിയോ ഡി ജനീറോ: ഡിയേഗോ മറഡോണയോ, ലിയോണല്‍ മെസിയോ..? ഇവരില്‍ ആരാണ് കേമന്‍ എന്നുള്ള ചോദ്യത്തിന് പലപ്പോഴും ഉത്തരം കിട്ടാറില്ല. എന്നാല്‍ ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം സീക്കോയ്ക്ക് ഇക്കാര്യത്തെ കുറിച്ച് വ്യക്തമായ ഉത്തരമുണ്ട്. അദ്ദേഹം പറയുന്നു മെസിയേക്കാള്‍ കേമനായിരുന്നു മറഡോണ എന്നതാണ്. അതിന് പിന്നില്‍ സീക്കോയ്ക്ക് വ്യക്തമായ കാരണവുമുണ്ട്. 

അര്‍ജന്റീനയ്ക്ക് ഒരു കിരീടം പോലും നേടിക്കൊടുക്കാന്‍ സാധിച്ചില്ലെന്ന ഒറ്റ കാരണമാണ് മെസിയെ മാറ്റി നിര്‍ത്താന്‍ കാരണം. ഫുട്‌ബോള്‍ ജീവിതത്തിന്റെ ഏറ്റവും ഉന്നതിയില്‍ മറഡോണ മെസിയെക്കാള്‍ മികച്ച കളിക്കാരനായിരുന്നെന്നാണ് സീക്കോ പറഞ്ഞത്. മറഡോണ കളിച്ചത് പലപ്പോഴും അദ്ദേഹത്തെ മാന്‍ മാര്‍ക്ക് ചെയുന്ന കാലഘട്ടത്തില്‍ ആയിരുന്നുവെന്നും സീക്കോ കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ 10 വര്‍ഷത്തിലധികമായി ബാഴ്സലോണക്ക് വേണ്ടി ഗോളടിച്ചു കൂട്ടിയ മെസിക്ക് അര്‍ജന്റീനയുടെ കൂടെ ഒരു ലോകകപ്പ് എന്ന സ്വപനം നടന്നിരുന്നില്ല. അതെ സമയം മറഡോണ ഒരു തവണ ലോകകപ്പ് ജേതാവും മറ്റൊരു തവണ അര്‍ജന്റീനയുടെ കൂടെ റണ്ണേഴ്സ് അപ്പ് കൂടിയായിരുന്നു.