ഹരാരെ: രണ്ടാം ഏകദിനത്തിലെ സിംബാബ്‌വെ ബാറ്റിംഗ് കണ്ട് തൂങ്ങിച്ചാവാന്‍ തോന്നിയെന്ന് പരിശീലകന്‍ മഖായ എന്റിനി പറഞ്ഞത് വെറുതെയല്ല. മൂന്നാം ഏകദിനത്തിലും ഭേദപ്പെട്ട സ്കോറില്‍ നിന്ന് സിംബാബ്‌വെ കൂട്ടത്തകര്‍ച്ച നേരിട്ട് കുറഞ്ഞ സ്കോറില്‍ പുറത്താവുകയായിരുന്നു. മുപ്പത്തിമൂന്നാം ഓവറില്‍ 103/3 എന്ന ഭേദപ്പെട്ട നിലയിലായിരുന്നു സിംബാബ്‌വെ.

എന്നാല്‍ ആ ഓവര്‍ എറിഞ്ഞ ജസ്‌പ്രീത് ബൂമ്ര അവസാന രണ്ടു പന്തുകളില്‍ മറുമോയെയും(17) തൊട്ടടുത്ത ചിഗുംബരയെയും(0) വീഴ്ത്തി. അക്ഷര്‍ പട്ടേലാണ് 34ാം ഓവര്‍ എറിയാനെത്തിയത്. ആദ്യ പന്തില്‍ വാളര്‍(8) റണ്‍ ഔട്ടായി. അടുത്ത പന്തില്‍ ക്രീമറിനെ(0) പട്ടേല്‍ വിക്കറ്റിന് മുന്നില്ർ കുടുകുക്കയും ചെയ്തതോടെ സിംബാബ്വെയ്ക്ക് ഒരു റണ്‍ പോലും കൂട്ടിച്ചേര്‍ക്കാനാവാതെ നഷ്ടമായത് നാലു വിക്കറ്റുകള്‍.

അതും തുടര്‍ച്ചയായ നാലു പന്തില്‍. ഇതോടെ സിംബാബ്‌വെ ഇന്നിംഗ്സ് 42.2 ഓവറില്‍ 123 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യക്കായി ബൂമ്ര നാലും ചാഹല്‍ രണ്ടും വിക്കറ്റെടുത്തു.