ഖത്തറാണ് 2022 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്

ദോഹ: കാല്‍പന്ത് പ്രേമികളെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു സിനദിന്‍ സിദാന്‍ റയലിന്‍റെ പരിശീലകസ്ഥാനത്ത് നിന്ന് പടിയിറങ്ങിയത്. ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായി മൂന്നാം വട്ടവും കിരീടത്തില്‍ മുത്തമിട്ടതിന് തൊട്ടുപിന്നാലെയുള്ള സിദാന്‍റെ തീരുമാനം റയല്‍ ആരാധകരെ നിരാശയിലാക്കി. രണ്ട് വര്‍ഷത്തെ കരാര്‍ ബാക്കിനില്‍ക്കെയാണ് റയലിന്‍റെയും ഫ്രാന്‍സിന്‍റെയും ഇതിഹാസതാരം തീരുമാനം പ്രഖ്യാപിച്ചത്. പ്രത്യേകിച്ച് കാരണമൊന്നും പറയാതെയായിരുന്നു സിദാന്‍റെ മടക്കം.

എന്നാല്‍ ഇപ്പോള്‍ സിദാന്‍റെ പടിയിറക്കത്തിന് പിന്നിലെ കാരണം വ്യക്തമാകുകയാണ്. ഖത്തര്‍ ദേശീയ ടീമിന്‍റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നതിനായാണ് സിദാന്‍ റയല്‍ വിട്ടതെന്നാണ് റിപ്പോര്‍ട്ട്. പ്രതിവർഷം 44 മില്യൺ പൗണ്ട് അഥവാ 393 കോടിയിലധികം രൂപയാകും സിദാന്‍റെ അക്കൗണ്ടിലെത്തുക.

ഔദോഗിക സ്ഥിരീകരണമായിട്ടില്ലെങ്കിലും ഇംഗ്ലണ്ടിലെയും സ്പെയിനിലെയും പ്രമുഖ പത്രങ്ങളെല്ലാം സിദാന്‍റെ നീക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഖത്തറാണ് 2022 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ലോകകപ്പിന് മുന്നോടിയായി ദേശീയ ടീമിനെ ലോകനിലവാരത്തിലെത്തിക്കുന്നതിനാണ് സിദാനെ ഖത്തര്‍ നോട്ടമിട്ടിരിക്കുന്നത്. ഫ്രഞ്ച് ഇതിഹാസം ഖത്തറിന്‍റെ ഓഫര്‍ സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.