രാജ്യത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 99.93 കോടിയായെന്ന് റിപ്പോര്‍ട്ട്

കൊച്ചി: രാജ്യത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 99.93 കോടിയായെന്ന് റിപ്പോര്‍ട്ട്. സി.ഒ.എ.ഐയുടെ 2018 ജനുവരി അവസാനം വരെയുള്ള കണക്ക് പ്രകാരമാണിത്. രാജ്യത്തെ ടെലികോം ഇന്‍റര്‍നെറ്റ് സേവനദാതാക്കളുടെ സംഘടനയാണ് സി.ഒ.എ.ഐ. ജിയോ, മഹാനഗര്‍ ടെലിഫോണ്‍ നിഗം എന്നിവയുടെ അടക്കം ഉപയോക്താക്കളുടെ എണ്ണം കൂട്ടിയാണിത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ടെലികോം ഉപയോക്താക്കളുള്ള കമ്പനി ഏയര്‍ടെല്ലാണ്.. ജനുവരിയില്‍ 41.73 ലക്ഷം വരിക്കാരെ കൂടി ചേര്‍ത്ത്‌ 29.50 ശതമാനം വിപണി പങ്കാളിത്തത്തോടെ മൊത്തം എയര്‍ടെല്‍ വരിക്കാരുടെ എണ്ണം 29.57 കോടിയായി. 21.70 കോടിയുമായി വോഡഫോണാണു തൊട്ടുപിന്നില്‍. 

8.67 കോടി വരിക്കാരുമായി യു.പിയുടെ കിഴക്കന്‍ മേഖലയാണ്‌ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഫോണ്‍ ഉപയോക്താക്കളുള്ള മേഖല. 8.15 കോടിയുമായി മഹാരാഷ്‌ട്ര രണ്ടാം സ്‌ഥാനത്തുണ്ട്‌. ഓപറേറ്റര്‍മാര്‍ ഇപ്പോള്‍ വോയ്‌സ്‌, ഡാറ്റ എന്നിവയ്‌ക്കപ്പുറത്തേക്ക്‌ പുതിയ ആശയവിനിമയ സങ്കേതങ്ങള്‍ പരീക്ഷിക്കുകയാണെന്നും സര്‍ക്കാരിന്‍റെ ഡിജിറ്റല്‍ നയത്തിനു പൂര്‍ണ പിന്തുണയേകുന്നുവെന്ന് സി.ഒ.എ.ഐ പറയുന്നു.