ഫേസ്ബുക്കിന്‍റെ സുരക്ഷാപിഴവുകൾ ചൂണ്ടിക്കാണിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന ‘ബഗ് ബൗണ്ടി’ പദ്ധതിയില്‍ നിന്ന് പത്തുവയസുകാരന്‍ സ്വന്തമാക്കിയത് 6.6 ലക്ഷം രൂപ. ഫേസ്ബുക്കിന് കീഴിലുള്ള ഫോട്ടോഷെയറിങ് വെബ്സൈറ്റായ ഇൻസ്റ്റഗ്രാമിലെ സുരക്ഷാപ്പിഴവാണ് ഫിൻലൻഡിൽ നിന്നുള്ള ജാനി എന്ന ഈ പത്തുവയസ്സുകാരന്‍ കണ്ടെത്തിയത്. ‘ബഗ് ബൗണ്ടി’ പരിപാടിയില്‍ ഏറ്റവും കുറവ് പ്രായത്തില്‍ വലിയ തുക നേടിയെടുത്തു എന്ന റെക്കോഡിന് ഉടമയായിരിക്കുകയാണ് ജാനി.

ഇൻസ്റ്റഗ്രാമിൽ അംഗമാകാതെ തന്നെ, അതിലേ ഫോട്ടോകള്‍ക്ക് വരുന്ന കമന്‍റുകളും ഫോട്ടോ ക്യാപ്ഷനുകളും നീക്കം ചെയ്യാന്‍ സാധിക്കും എന്നാണ് ഈ പത്തുവയസുകാരന്‍ കണ്ടെത്തിയത്. ജസ്റ്റിൻ ബീബറുടെ കമന്‍റ് പോലും എനിക്ക് ഈ വഴി മായ്ച്ചു കളയാനാകുമായിരുന്നു, സമ്മാന വിവരം പുറത്തുവന്ന ശേഷം ജാനി ഒരു ഫിനീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

തങ്ങളുടെ കക്ഷികളെ വച്ച് ഫേസ്ബുക്കിലും അതിന്‍റെ അനുബന്ധ സൈറ്റുകളിലേയും പിഴവ് കണ്ടെത്തുന്ന ‘ബഗ് ബൗണ്ടി’ തുടങ്ങിയത് 2011 ലാണ്. ഇതുവരെ 2400ലേറെ നിർദേശങ്ങൾ ഫേസ്ബുക്കിന് ഇതിലൂടെ ലഭിച്ചു. തിരഞ്ഞെടുക്കപ്പെട്ട എണ്ണൂറിലേറെപ്പേർക്ക് നിര്‍ദേശത്തിന്‍റെ ഗൗരവം അനുസരിച്ച് പാരിതോഷികം നൽകി. ഇതില്‍ ഏറ്റവും അധികം നേട്ടം ഉണ്ടാക്കിയത് ഇന്ത്യക്കാരാണ്. 43 ലക്ഷം അമേരിക്കന്‍ ഡോളര്‍ ‘ബഗ് ബൗണ്ടി’ പരിപാടി വഴി ഫേസ്ബുക്ക് വിതരണം ചെയ്തിട്ടുണ്ട്.