കൊച്ചി: കേരളത്തിലെ ആദ്യത്തെ മൊബൈല്‍ ഫോണ്‍ വിളിക്ക് ഇന്ന് 20 വയസ്. മലയാളത്തിന്‍റെ ഇതിഹാസ കഥാകാരന്‍ തകഴി ശിവശങ്കരപിള്ളയാണ് ആദ്യമായി കേരളത്തില്‍ ഫോണ്‍ കോള്‍ ചെയ്തത്. 1996 സപ്തംബര്‍ 17നായിരുന്നു ഉദ്ഘാടനം, എറണാകുളം ഹോട്ടല്‍ അവന്യൂ റീജന്റില്‍ നടന്ന ഉദ്ഘാടനച്ചടങ്ങിലാണ് എസ്കോട്ടല്‍ മൊബൈല്‍ (പിന്നീട് ഐഡിയ ആയി) സേവനം തകഴി ശിവശങ്കരപ്പിള്ളയും അന്നത്തെ ദക്ഷിണമേഖല കമന്‍റാന്‍റ് എ.ആര്‍ ടണ്ഠനുമായി സംസാരിച്ചാണ് ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ കമലസുരയ്യയും ഉണ്ടായിരുന്നു.

1996 സെപ്തംബറില്‍ ഉദ്ഘാടനം നടത്തിയ എസ്കോട്ടല്‍ എന്നാല്‍ ഒക്ടോബര്‍ മാസത്തിലാണ് സേവനം ആരംഭിച്ചത്. 1996 ല്‍ തന്നെ ബിപിഎല്‍ മൊബൈലും കേരളത്തില്‍ എത്തി. 2002ലാണ് ബിഎസ്എന്‍എല്‍ കേരളത്തില്‍ സേവനം ആരംഭിക്കുന്നത്. 2003 ഓടെ ഇന്‍കമിംഗ് രാജ്യവ്യാപകമായി സൗജന്യമാക്കുകയും. വിലകുറഞ്ഞ ഫോണുകളും രംഗത്ത് എത്തിയതോടെ പിന്നീട് കേരളത്തില്‍ മൊബൈല്‍ വിപ്ലവം തന്നെയാണ് സംഭവിച്ചത്.

1995 ജൂലൈ 31നായിരുന്നു ഇന്ത്യയില്‍ ആദ്യ മൊബൈല്‍ ഫോണ്‍വിളി നടന്നത്. അന്നത്തെ ബംഗാള്‍ മുഖ്യമന്ത്രി ജ്യോതിബസു അന്നത്തെ കേന്ദ്ര കമ്യൂണിക്കേഷന്‍ മന്ത്രി സുഖ്റാമിനെ വിളിച്ചാണ് ഇന്ത്യയിലെ മൊബൈല്‍ വിപ്ലവത്തിന് തുടക്കമിട്ടത്. മോദി ടെല്‍സ്ട്ര എന്നായിരുന്നു അന്ന് ഈ സര്‍വ്വീസ് ലഭ്യമാക്കിയ കമ്പനി. പിന്നീട് ഇവര്‍ സ്പൈസ് മൊബൈല്‍ എന്ന് പേരുമാറ്റി.