ബുധനാഴ്ച ലോഞ്ച് ചെയ്തത് കിംഭോ ആപ്പിന്റെ ട്രയൽ വേർഷൻ ആപ്പ് ഉടൻ തന്നെ ഔദ്യോഗികമായി പ്രവർത്തനമാരംഭിക്കും
വാട്ട്സ് ആപ്പിന് വെല്ലുവിളി ഉയർത്തി ബാബാ രാംദേവ് പുറത്തിറക്കിയ കിംഭോ ആപ്പ് ഒറ്റ ദിവസത്തെ ട്രയലായിരുന്നുവെന്ന് കമ്പനി വക്താവ്. ബുധനാഴ്ചയാണ് ആപ്പ് ലോഞ്ച് ചെയ്തത്. മണിക്കൂറുകൾക്കുളളിൽ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് അപ്രത്യക്ഷമായി. ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നില്ല എന്നായിരുന്നു ആരോപണം. എന്നാൽ അതൊരു ട്രയൽ ആയിരുന്നു എന്നും ഉടൻ തന്നെ കിംഭോ ആപ്പ് ഔദ്യോഗികമായി ലോഞ്ച് ചെയ്യുമെന്നുമാണ് പതഞ്ജലി കമ്പനിയുടെ വിശദീകരണം. ആപ്പിന്റെ ടെക്നിക്കൽ ജോലികൾ പുരോഗമിക്കുന്നതേയുള്ളൂ. പതഞ്ജലി വക്താവ് എസ് കെ ടിജർവാലാ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വിശദീകരണം നൽകിയിരിക്കുന്നത്.
കിംഭോ ആപ്പിന് വളരെ മികച്ച പ്രതികരണമാണ് ഉപഭോക്താക്കളിൽ നിന്നും ലഭിച്ചതെന്നും ട്വീറ്റ് ചെയ്തിട്ടുണ്ട്. മൂന്ന് മണിക്കൂറുകൾക്കുള്ളിൽ ഒന്നര ലക്ഷം പേരാണ് ആപ്പ് ഡൗൺലോഡ് ചെയ്തത്. പ്രോത്സാഹനത്തിന് വളരെ നന്ദി. വൈകാതെ കിംഭോ ആപ്പ് ഔദ്യോഗികമായി ലോഞ്ച് ചെയ്യുമെന്നും ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്. കിംഭോ ആപ്പ് എത്രത്തോളം സുരക്ഷിതമാണ് എന്ന കാര്യത്തിൽ പലരും ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.
