ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ടൂളുകള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന വ്യാജ വീഡിയോകള്‍ വലിയ പ്രശ്‌നം സൃഷ്ടിക്കുന്നു
ഗുഡ്‌ഗാവ്: ഇന്ത്യയിൽ എഐ അധിഷ്ഠിത സാമ്പത്തിക തട്ടിപ്പുകൾ അതിവേഗം വർധിച്ചുവരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സൈബര്‍ സുരക്ഷാ സ്ഥാപനമായ എതേനിയൻ ടെക്. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്‍റെ പേരില്‍ പ്രചരിച്ച വ്യാജ വീഡിയോ ഉൾപ്പെടെയുള്ള കേസുകൾ വിശകലനം ചെയ്താണ് ഡിജിറ്റൽ റിസ്‍ക് മാനേജ്മെന്റ് സ്ഥാപനമായ എതേനിയൻ ടെക് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ക്രിപ്‌റ്റോകറൻസിയെ അംഗീകരിക്കുന്നതായായിരുന്നു നിർമ്മല സീതാരാമന്‍റെ പേരിൽ പ്രചരിച്ച വ്യാജ വീഡിയോയുടെ ഉള്ളടക്കം.
സുന്ദർ പിച്ചൈയുടെയും നിർമ്മല സീതാരാമന്‍റെയും വ്യാജ വീഡിയോ
ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയെ തെറ്റായി ചിത്രീകരിക്കുന്ന വ്യാജ വീഡിയോയാണ് മറ്റൊരു ഉദാഹരണമായി റിപ്പോർട്ടില്‍ എതേനിയൻ ടെക് ചൂണ്ടിക്കാട്ടുന്നത്. ഇപ്പോൾ കൂടുതൽ വിപുലമായ രൂപത്തിൽ എഐ തട്ടിപ്പുകാർ പ്രവർത്തിച്ചു തുടങ്ങിയതായി എതേനിയൻ ടെക് റിപ്പോർട്ടില്‍ വിശദീകരിക്കുന്നു. അടുത്തിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉപയോഗിച്ച് 'ഗോ ഇൻവെസ്റ്റ്' എന്ന പ്ലാറ്റ്‌ഫോം പ്രമോട്ട് ചെയ്യുകയും ടൈംസ് ഓഫ് ഇന്ത്യ വെബ്‌സൈറ്റിന്‍റെ ലേഔട്ടും ടൈപ്പോഗ്രാഫിക്കൽ ശൈലിയും പകർത്തി മാധ്യമങ്ങളിൽ ആധികാരികമാണെന്ന് വരുത്തിത്തീർക്കുകയും ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.
ഇതേ തട്ടിപ്പുസംഘം തന്നെയാണ് നിർമ്മല സീതാരാമന്‍റെ വ്യാജ വീഡിയോ പുറത്തിറക്കിയതെന്ന് പരിശോധനയില്‍ എതേനിയൻ ടെക് കണ്ടെത്തി. സുന്ദർ പിച്ചൈയുടെ മുൻ ക്ലിപ്പുകൾക്ക് സമാനമാണ് ഈ വീഡിയോ എന്നും റിപ്പോർട്ട് പറയുന്നു. ഇതിനായി ലിപ്-സിങ്കും വോയ്‌സ് സിന്തസിസും ഉപയോഗിച്ചിരുന്നു. 'ത്രെഡ് അനാലിസിസ്' വിഭാഗത്തിലെ റിപ്പോർട്ട് അത്തരം സിന്തറ്റിക് മാധ്യമങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് പ്രത്യേകം പരാമർശിക്കുന്നു. വിശ്വസനീയരായ പൊതു വ്യക്തികളെ ഇത്തരത്തിൽ വ്യാജമായി അവതരിപ്പിക്കുന്നതിലൂടെ അവ ഒരു മിഥ്യാ നിയമസാധുത സൃഷ്‍ടിക്കുന്നു. ആധികാരികവും കൃത്രിമവുമായ ആശയവിനിമയം തമ്മിലുള്ള അതിർവരമ്പുകൾ അവ കുറയ്ക്കുന്നു. ഉള്ളടക്കം നീക്കം ചെയ്താലും ഡിജിറ്റൽ ചാനലുകളിൽ സംശയവും തെറ്റായ വിവരങ്ങളും ഇത്തരം വീഡിയോകൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതായി എതേനിയൻ ടെക് ചൂണ്ടിക്കാട്ടുന്നു.
ഈ തട്ടിപ്പിന് എന്ത് പ്രതിവിധികള്‍?
മുൻകൂട്ടി ഇത്തരം വ്യാജ വീഡിയോകൾ കണ്ടെത്തുന്നതിനുള്ള സംവിധാനങ്ങൾ, ശക്തമായ ഉപയോക്തൃ വിദ്യാഭ്യാസം, മീഡിയ വെരിഫിക്കേഷൻ പ്രോട്ടോക്കോളുകൾ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുന്ന ഏകോപിത നടപടികളും സ്ഥിരമായ ജാഗ്രതയുടെ ആവശ്യവും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇത്തരം ഡൊമെയ്ൻ ഉടൻ നീക്കം ചെയ്യുന്നതിനായി സിഇആർടി ഇന്നിനും മറ്റ് സൈബർ സുരക്ഷാ അധികാരികൾക്കും റിപ്പോർട്ട് ചെയ്യുക, വെബ്‌സൈറ്റ് താൽക്കാലികമായി നിർത്തിവയ്ക്കാൻ ഡൊമെയ്ൻ രജിസ്ട്രാർമാരെയും ഹോസ്റ്റിംഗ് ദാതാക്കളെയും അറിയിക്കുക, ഉപയോക്താക്കൾ അതിലേക്ക് പ്രവേശിക്കുന്നത് തടയാൻ നെറ്റ്‌വർക്കിനുള്ളിലെ യുആർഎൽ ബ്ലോക്ക് ചെയ്യുക, സോഷ്യൽ മീഡിയയിലൂടെയും ഔദ്യോഗിക ഉപദേശങ്ങളിലൂടെയും ഇത്തരം തട്ടിപ്പുകളെക്കുറിച്ച് പൊതുജന അവബോധം വളർത്തുക, പുതിയ പേരുകളിൽ തട്ടിപ്പ് തുടരുന്നത് തടയാൻ സമാനമായ ഡൊമെയിനുകൾ നിരീക്ഷിക്കുക തുടങ്ങിയ കാര്യങ്ങളും ഏതൻഷ്യൻ ടെക് റിപ്പോർട്ട് നിർദ്ദേശിക്കുന്നു.


