2020ഓടെ രാജ്യത്തെ പകുതിയോളം ജനങ്ങള്‍ക്ക് ഇന്‍റര്‍നെറ്റ് സേവനം നല്‍കുകയാണ് ലക്ഷ്യമെന്ന് ഗൂഗിള്‍ ഇന്ത്യ തലവന്‍ രാജന്‍ ആനന്ദന്‍. സേവനങ്ങള്‍ പ്രാദേശിക ഭാഷകളിലെത്തിക്കാന്‍ പ്രാധാന്യം നല്‍കും. ഐടി രംഗത്ത് ഇന്ത്യ നേരിടുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ കേരളത്തിന് കഴിയുമെന്നും കേരളത്തിലെ സ്റ്റാര്‍ട്ട് അപ് വില്ലേജുകളിലെ കണ്ടുപിടുത്തങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണെന്നും രാജന്‍ ആനന്ദന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കോഴിക്കോട്ട് ആരംഭിച്ച മൊബൈല്‍ അധിഷ്ഠിത ഇന്‍ക്യുബേഷന്‍ സെന്‍റര്‍ ഐടി സംരംഭകര്‍ക്ക് മികച്ച അവസരം നല്‍കും. ഗൂഗിള്‍, ആമസോണ്‍ തുടങ്ങിയ വന്‍കിട കന്പനികളുടെ പിന്തുണയോടെ പുതിയ സംരംഭങ്ങള്‍ക്ക് വളരാന്‍ അവസരമൊരുക്കും. കേരളത്തിലെ സ്റ്റാര്‍ട്ട് അപുകളുടെ പ്രവര്‍ത്തനം മാതൃകാപരമാണ്. ഐടി രംഗത്ത് ഇന്ത്യ നേരിടുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ കേരളത്തിന് കഴിയും.

ആര്‍ട്ടിഫീഷ്യല്‍ ഇന്‍റലിജന്‍സിന്‍റെയും ഓട്ടോമേഷന്‍റെയും കാലമാണ് വരുന്നത്. ഒരു സംരംഭകനാകാന്‍ ഇതിലും മികച്ചൊരു കാലമില്ല. മറ്റൊരാള്‍ക്ക് കീഴില്‍ ജോലി ചെയ്യുന്നതിനേക്കാള്‍ സ്വന്തമായി ബിസിന്സ തുടങ്ങുന്നതിന് യുവാക്കള്‍ പ്രാധാന്യം നല്‍കണം. ഇന്‍റര്‍നെറ്റ് എല്ലാ ഇന്ത്യാക്കാര്‍ക്കും എന്നതാണ് ഗൂഗിളിന്‍റെ ലക്ഷ്യം. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ ഇന്‍റര്‍നെറ്റിന് കഴിയും. ഇന്ത്യയില്‍ ഭൂരിഭാഗം പേരും മൊബൈല്‍ ഫോണ്‍വഴി ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരാണ്. ഇവര്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ നല്‍കുകയാണ് ലക്ഷ്യമെന്ന് രാജന്‍ ആനന്ദന്‍ കൂട്ടിച്ചേര്‍ത്തു.