കൊച്ചി: റിലയന്‍സ് ജിയോ നല്‍കുന്ന സൗജന്യ ഇന്റര്‍നെറ്റ് ഓഫറിന് കനത്ത വെല്ലുവിളിയായി എയര്‍ടെല്ലിന്റെ വമ്പന്‍ ഓഫര്‍. ഒരു വര്‍ഷം സൗജന്യ 4ജി ഇന്റര്‍നെറ്റ് നല്‍കുന്ന പദ്ധതിയുമായാണ് എയര്‍ടെല്‍ ജിയോയ്‌ക്കെ വെല്ലുവിളിയുയര്‍ത്തിയിരിക്കുന്നത്. ഓരോ മാസവും 3ജിബി 4ജി ഡാറ്റയാണ് 12 മാസത്തേക്ക് ഈ ഓഫറില്‍ ലഭിക്കുക.

പുതുതായി എയര്‍ടെല്‍ 4ജി കണക്ഷന്‍ എടുക്കുന്നവര്‍ക്കാണ് സൗജന്യ ഇന്റര്‍നെറ്റ് ലഭിക്കുക. ഇന്നു മുതല്‍ ഫെബ്രുവരി 28 വരെയുള്ള സമയത്തിനുള്ളില്‍ എയര്‍ടെല്ലിലേക്കു മാറുന്നവര്‍ക്കും പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്കും ഓഫര്‍ ലഭിക്കും. നിലവിലുള്ള എയര്‍ടെല്‍ വരിക്കാര്‍ 4ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്താലും ഈ ഓഫര്‍ നേടാം.

ഓരോ 345 രൂപയുടെ റീചാര്‍ജ് ചെയ്യുമ്പോളും 3ജിബി ഡാറ്റ സൗജന്യമായി നല്‍കുന്ന മറ്റൊരു പ്ലാനും എയര്‍ടെല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 345 രൂപയ്ക്കു റീചാര്‍ജ് ചെയ്താല്‍ ഇന്ത്യയിലെവിടെയും ഒരു മാസത്തേക്കു സൗജന്യ കോളുകളും 1 ജിബി + 3ജിബി ഫ്രീ ഇന്റര്‍നെറ്റ് എന്നിവയടക്കം 4ജിബി ഡാറ്റയും കിട്ടും. എയര്‍ടെല്ലിന്റെ പുതിയ ഓഫര്‍ ജിയോയ്ക്ക് തിരിച്ചടിയാകും.