മുംബൈ: ഇന്ത്യയില്‍ ആദ്യമായി വിജയകരമായി 5ജി പരീക്ഷിച്ച് ഏയര്‍ടെല്‍. ജിയോ 4ജി രംഗത്ത് നല്‍കിയ വെല്ലുവിളി മറികടക്കാന്‍ വലിയ ടെക്നോളജി മാറ്റത്തിനാണ് ഏയര്‍ടെല്‍ ഈ നീക്കത്തിലൂടെ തുടക്കമിട്ടിരിക്കുന്നത്. സെക്കന്‍ഡില്‍ 3 ജിബി സ്പീഡാണ് ഏയര്‍ടെല്ലിന്‍റെ 5 ജി ടെസ്റ്റ് രേഖപ്പെടുത്തിയത് എന്നാണ് വിവരം.

ചൈനീസ് കമ്പനിയായ ഹുവാവെയുമായി ചേര്‍ന്ന് ഹരിയാനയിലെ ഗുഡ്ഗാവ് ജില്ലയിലാണ് പരീക്ഷിച്ചത്. നിലവിലുള്ള 4ജി ഇന്റര്‍നെറ്റിനേക്കാള്‍ 100 മടങ്ങ് വേഗത 5ജിയില്‍ ലഭ്യമാകും. 100 മെഗാഹെട്സ് ബാന്‍ഡ് വിഡ്ത്തുള്ള 3.5 ഗിഗാ ഹെട്സ് ബാന്‍ഡ് നെറ്റ് വര്‍ക്കില്‍ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ വേഗതയാണിതെന്ന് എയര്‍ടെല്‍ പറയുന്നു. 5ജി സാധ്യമാകുന്നതോടെ ജീവിത രീതിയും തൊഴില്‍ സാധ്യതകളിലുമെല്ലാം മാറ്റം കൊണ്ടുവരാന്‍ കഴിയും.

2020 ഓടെ ഇന്ത്യയിലെ മുഴുവന്‍ സര്‍ക്കിളുകളിലും 5ജി സേവനം ലഭ്യമാക്കുവാന്‍ സാധിക്കും എന്നാണ് ഏയര്‍ടെല്‍ അവകാശപ്പെടുന്നത്. ഈ കഴിഞ്ഞ ജൂണില്‍ കേന്ദ്ര ടെലികോം മന്ത്രാലയം 5ജിയിലേക്കുള്ള അപ്ഗ്രേഡ് സംബന്ധിച്ച റോഡ് മാപ്പ് അവതരിപ്പിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് രാജ്യത്ത് ആദ്യമായി ഒരു സ്വകാര്യ കമ്പനി 5ജിടെസ്റ്റ് നടത്തുന്നത്. 5 ജി എത്തുന്നതോടെ ഇന്‍റര്‍നെറ്റ് തിംഗ്സ് ,വിആര്‍, ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് എന്നിവയില്‍ മുന്നേറ്റ സാധ്യമാകുമെന്നാണ് സര്‍ക്കാറിന്‍റെ 5ജി റോഡ് മാപ്പ് പറയുന്നത്.