ഇന്ത്യയിൽ വൻ നിക്ഷേപത്തിന് ഒരുങ്ങുകയാണ് ടെക് ഭീമനായ ഗൂഗിൾ. വിശാഖപട്ടണത്ത് അഞ്ച് വർഷത്തിനുള്ളിൽ എഐ ഡാറ്റാ സെന്‍ററിനായി 15 ബില്യൺ ഡോളര്‍ നിക്ഷേപിക്കുമെന്നാണ് ഗൂഗിൾ അറിയിച്ചിരിക്കുന്നത്. ഈ പദ്ധതിയില്‍ എയര്‍ടെല്ലിനും പങ്കാളിത്തമുണ്ട്.
തിരുവനന്തപുരം: ഇന്ത്യയുടെ ആദ്യത്തെ നിര്‍മ്മിത ബുദ്ധി (എഐ) ഹബ്ബ് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് സ്ഥാപിക്കുന്നതിന് ഗൂഗിളുമായി ഭാരതി എയര്‍ടെല്‍ കൈകോര്‍ക്കുന്നു. ഇന്ത്യയിലുടനീളം എഐയുടെ സ്വീകാര്യത വര്‍ധിപ്പിക്കുക, രാജ്യത്തിന്‍റെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്‌ട്രക്‌ചറിനെ ശാക്തീകരിക്കുക, ഗൂഗിളിന്‍റെ ഫുള്‍ എഐ-സ്റ്റാക്ക്, ഉപഭോക്തൃ സേവനങ്ങള്‍ ഇന്ത്യന്‍ ബിസിനസുകള്‍ക്ക് കൂടുതലായി എത്തിക്കുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. അഞ്ച് വര്‍ഷം കൊണ്ട് ഈ പദ്ധതിയില്‍ 15 ബില്ല്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപിക്കും. എയര്‍ടെല്ലും അദാനികൊണെക്‌സും അടക്കമുള്ള ഇക്കോസിസ്റ്റം പങ്കാളികളുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ഗൂഗിളിന്‍റെ വന്‍ നിക്ഷേപം
ഇന്ത്യയിൽ വൻ നിക്ഷേപത്തിന് ഒരുങ്ങുകയാണ് ടെക് ഭീമനായ ഗൂഗിൾ. വിശാഖപട്ടണത്ത് അഞ്ച് വർഷത്തിനുള്ളിൽ എഐ ഡാറ്റാ സെന്‍ററിനായി 15 ബില്യൺ ഡോളര്‍ നിക്ഷേപിക്കുമെന്നാണ് ഗൂഗിൾ അറിയിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഗൂഗിൾ നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. എഐ ഇൻഫ്രാസ്ട്രക്‌ചര്‍, നൂതന സാങ്കേതികവിദ്യയിലുള്ള ഫൈബർ ഒപ്റ്റിക് ശൃംഖല എന്നിവയോടുകൂടിയാവും ഡാറ്റാ സെന്‍റർ ക്യാംപസ് യാഥാര്‍ഥ്യമാവുക. ഒരു ഗിഗാവാട്ട് കപ്പാസിറ്റിയുള്ള ക്യാംപസാണ് ആദ്യഘട്ടത്തിൽ പൂർത്തിയാക്കുക. അമേരിക്കയ്ക്ക് പുറത്ത് ഗൂഗിൾ സ്ഥാപിക്കുന്ന ഏറ്റവും വലിയ എഐ ഹബ്ബാണ് ഇത്. തീരുവ ചുമത്തിയതുമായി ബന്ധപ്പെട്ട് ഇന്ത്യയും അമേരിക്കയും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതിനിടെയാണ് വമ്പൻ നിക്ഷേപവുമായി ഇന്ത്യയില്‍ നടത്തുന്നു എന്ന ഗൂഗിളിന്‍റെ പ്രഖ്യാപനമെത്തുന്നത്.
എഐയില്‍ ഇന്ത്യക്ക് ഭാവി
എഐ സാങ്കേതിക രംഗത്ത് ടെക് ഭീമന്മാർ തമ്മിൽ വമ്പൻ മത്സരങ്ങൾ നടക്കുന്നതിന് ഇടയിലാണ് ഗൂഗിളിന്‍റെ പ്രഖ്യാപനമെത്തുന്നത്. ഇത് ടെക് മേഖലയിലെ ഇന്ത്യൻ സാധ്യതകളെ വളർത്തുമെന്ന് ഉറപ്പാണ്. മൈക്രോസോഫ്റ്റും ആമസോണും ഇന്ത്യയിൽ ഡാറ്റാ സെന്‍ററുകൾക്കായി കോടിക്കണക്കിന് തുകയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. രാജ്യത്ത് ഓഫീസ് തുറക്കുമെന്ന് ഓപ്പൺഎഐയും അറിയിച്ചിരുന്നു.
ടെക് രംഗത്തെ ഇന്ത്യയുടെ ഭാവി വലുതാണെന്ന് സൂചിപ്പിക്കുന്നതാണ് ഈ നിക്ഷേപങ്ങൾ. നിരവധി തൊഴിൽ സാധ്യതകളും ഉണ്ടാകും. ഇന്ത്യയെ ഒരു വളർന്നുകൊണ്ടിരിക്കുന്ന മാർക്കറ്റായിട്ടാണ് ഗൂഗിളിന്‍റെ പാരന്‍റ് സ്ഥാപനമായ ആൽഫബറ്റ് കണക്കാക്കുന്നത്. യൂട്യൂബിന് ഏറ്റവുമധികം ഉപഭോക്താക്കളുള്ളതും, ആൻഡ്രോയ്‌ഡ് സ്‌മാർട്ട് ഫോണുകൾ ഏറ്റവുമധികം ഉപയോഗിക്കുന്നതും ഇന്ത്യയിലാണ്. എഐയിൽ അടക്കം ആഗോള ടെക് ഭീമന്‍മാര്‍ക്ക് മുന്നില്‍ ഇന്ത്യൻ മാർക്കറ്റ് വലിയ സാധ്യതയാണ് തുറന്നിടുന്നത്.



