ഇസ്രയേലിലെ ഏത് നഗരത്തിലും പതിക്കാന്‍ ശേഷി, ഇറാന്‍ തൊടുത്ത സെജ്ജില്‍ മിസൈലിനെ കുറിച്ച് അറിയേണ്ടതെല്ലാം

ടെഹ്‌റാന്‍: ഇസ്രയേലിനെതിരെ ഇറാന്‍ ഫത്താ മിസൈലിന് പുറമെ സെജ്ജില്‍ മിസൈലും (Sejjil Missile) പ്രയോഗിച്ചിരിക്കുകയാണ്. ഇതാദ്യമായാണ് ഇറാന്‍റെ ഇസ്‌ലാമിക് റെവലൂഷനറി ഗാര്‍ഡ് (IRGC) ദീര്‍ഘ-ദൂര മിസൈലുകളായ സെജ്ജില്‍ ഉപയോഗിച്ചിരിക്കുന്നത്. 2,000 കിലോമീറ്റര്‍ പരിധിയില്‍ ഇസ്രയേലിലെ ഏത് ഭാഗത്തും പതിക്കാന്‍ കരുത്തുള്ള സെജ്ജില്‍ മിസൈലിനെ കുറിച്ച് വിശദമായി അറിയാം.

നിലവിലെ ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടിയാണ് സെജ്ജില്‍ മിസൈലുകളുടെ വരവ്. വിക്ഷേപിച്ച ശേഷം വായുവില്‍ വളഞ്ഞുപുളഞ്ഞ രേഖ ദൃശ്യമാകുന്ന ഒരു മിസൈലിന്‍റെ വീഡിയോ എക്സ് (പഴയ ട്വിറ്റര്‍) അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഈ ദൃശ്യങ്ങള്‍ സെജ്ജില്‍ മിസൈലിന്‍റെ തന്നെയാണെന്നാണ് വിവിധ രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇസ്രയേലിനെതിരെ ഒന്നിലേറെ സെജ്ജില്‍ മിസൈലുകള്‍ പ്രയോഗിച്ചതായി ടെഹ്‌റാന്‍ സ്ഥിരീകരിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നടന്നുകൊണ്ടിരിക്കുന്ന ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 3-യില്‍ ഇസ്രയേലിനെതിരെ ഇറാന്‍റെ ഏറ്റവും വലിയ വജ്രായുധങ്ങളിലൊന്നായി സെജ്ജില്‍ മിസൈലുകള്‍ വിശേഷിപ്പിക്കപ്പെടുന്നു. എന്നാല്‍ സെജ്ജില്‍ ഇസ്രയേലില്‍ എത്രത്തോളം നാശം വിതച്ചുവെന്ന് വ്യക്തമല്ല.

ഇസ്രയേലിന്‍റെ കണ്ണിലെ കരടായ സെജ്ജില്‍ മിസൈല്‍

ഇറാന്‍ വികസിപ്പിച്ച രണ്ട് ഘട്ടങ്ങളുള്ള ഖര ഇന്ധന, സര്‍ഫേസ്-ടു-സര്‍ഫേസ് ബാലിസ്റ്റിക് മിസൈലാണ് സെജ്ജില്‍. 1242 മൈലുകള്‍ അഥവാ 2,000 കിലോമീറ്ററാണ് ഈ മിസൈലിന് പറയപ്പെടുന്ന പരിധി. സെജ്ജില്‍ മിസൈലിന്‍റെ ഏറ്റവും പുതിയ വകഭേദത്തിന് 4,000 കിലോമീറ്റര്‍ (2485 മൈല്‍) വരെ പാഞ്ഞെത്താനാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സ്ഥിരീകരണമില്ല. എന്നിരുന്നാലും, ഇസ്രയേലിലെ എല്ലാ ഇടങ്ങളിലേക്കും പാഞ്ഞെത്താനുള്ള ശേഷി സെജ്ജില്‍ മിസൈലുകള്‍ക്കുണ്ടെന്ന് ഉറപ്പിക്കാം. 18 മീറ്റര്‍ (59 അടി)നീളമുള്ള സെജ്ജില്‍ മിസൈലിന് 700 കിലോഗ്രാം പേലോഡ് വഹിക്കാനാകും. ദ്രവ ഇന്ധന മിസൈലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ സോളിഡ് ഫൂവല്‍ പ്രൊപല്‍ഷ്യന്‍ സംവിധാനം സെജ്ജില്‍ മിസൈലുകള്‍ വേഗത്തില്‍ കൈകാര്യം ചെയ്യാനും ലോഞ്ച് ചെയ്യാനും ഇറാന്‍ സൈന്യത്തെ പ്രാപ്‌തമാക്കുന്നു.

ലോകത്തെ തന്നെ ഏറ്റവും ശക്തമായ വ്യോമ പ്രതിരോധ സംവിധാനമുള്ള രാജ്യമാണ് ഇസ്രയേല്‍. എന്നാല്‍ ശത്രു റഡാറുകളില്‍ നിന്ന് രക്ഷപ്പെടാന്‍ പാകത്തിലാണ് സെജ്ജില്‍ മിസൈലുകള്‍ ഇറാന്‍ തയ്യാറാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയേലിന്‍റെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളായ അയേണ്‍ ഡോമിനേയും ആരോ സിസ്റ്റത്തെയും മറികടക്കാനുള്ള സാങ്കേതിക- ഡിസൈന്‍ മികവ് സെജ്ജിലിനുള്ളതായി പറയപ്പെടുന്നു. വളരെ വേഗത്തില്‍ തയ്യാറാക്കി തൊടുക്കാവുന്നതിനാല്‍ ഇസ്രയേല്‍ റഡാറുകള്‍ക്ക് സെജ്ജില്‍ മിസൈലുകളെ തിരിച്ചറിയാനും തടുക്കാനും പ്രയാസമുണ്ടാകും എന്നാണ് അവകാശവാദം. അത് സത്യമെങ്കില്‍, ഇറാന്‍റെ സെജ്ജില്‍ മിസൈലുകളെ ചെറുക്കാന്‍ ഇസ്രയേല്‍ വ്യോമപ്രതിരോധ സംവിധാനത്തില്‍ മാറ്റങ്ങള്‍ക്ക് മുതിര്‍ന്നേക്കാം.

Asianet News Live | Nilambur by poll | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News