'നോ ആമസോണ്‍ വെബ് സര്‍വീസസ്, അസ്യൂര്‍, ഗൂഗിള്‍ ക്ലൗഡ്'… ഇന്ത്യക്കാരുടെ വിവരങ്ങള്‍ ഇന്ത്യയില്‍ സംഭരിക്കുന്നതായി സോഹോ ചീഫ് സയന്‍റിസ്റ്റ് ശ്രീധര്‍ വെമ്പു. 'അറട്ടൈ' ആപ്പ് വിവരങ്ങള്‍ സംഭരിക്കുന്നത് സംബന്ധിച്ചുള്ള പ്രചാരണങ്ങള്‍ തള്ളി സ്ഥാപകന്‍.
ചെന്നൈ: ഡൗണ്‍ലോഡിംഗ് കുത്തനെ ഉയര്‍ന്ന് ട്രെന്‍ഡിംഗായ ഇന്ത്യന്‍ മെസേജിംഗ് ആപ്പ് 'അറട്ടൈ'യിലെ ഉപഭോക്തൃ വിവരങ്ങള്‍ ഇന്ത്യയില്‍ തന്നെ സംഭരിക്കുന്നതായി സോഹോ സ്ഥാപകനും ചീഫ് സയന്‍റിസ്റ്റുമായ ശ്രീധര്‍ വെമ്പു. അറട്ടൈ ആപ്പിന്‍റെ നിര്‍മ്മാതാക്കളായ സോഹോയ്‌ക്ക് നിലവില്‍ ആഗോളതലത്തില്‍ 18-ലധികം ഡാറ്റ സെന്‍ററുകളുണ്ടെന്നും ഓരോ രാജ്യത്തെയും വിവരങ്ങള്‍ അവിടെതന്നെ സൂക്ഷിക്കുന്നതാണ് രീതിയെന്നും ശ്രീധര്‍ വെമ്പു എക്‌സ് പോസ്റ്റിലൂടെ വ്യക്തമാക്കി. ഇന്ത്യയില്‍ മുംബൈ, ദില്ലി, ചെന്നൈ എന്നിവിടങ്ങളിലാണ് സോഹോ ഉപഭോക്തൃ വിവരങ്ങള്‍ സൂക്ഷിക്കുന്നതെന്നും ഒഡിഷയില്‍ ഉടന്‍ ഡാറ്റാ സെന്‍റര്‍ വരുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. അറട്ടൈ ആപ്പ് പ്രവര്‍ത്തിക്കുന്നത് ആമസോണ്‍ വെബ് സര്‍വീസ്, മൈക്രോസോഫ്റ്റ് അസ്യൂര്‍, ഗൂഗിള്‍ ക്ലൗഡ് സേവനങ്ങളിലൊന്നുമല്ലെന്നും ശ്രീധര്‍ വെമ്പു പറയുന്നു.
ഡാറ്റ ചോരുമെന്ന പേടി വേണ്ടെന്ന് ശ്രീധര്‍ വെമ്പു
'സോഹോ എങ്ങനെയാണ് വികസിപ്പിച്ചതെന്നും എവിടെയാണ് ഡാറ്റകള്‍ ശേഖരിക്കുന്നതെന്നും സംബന്ധിച്ച് ഏറെ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നുണ്ട്. അവയില്‍ വ്യക്ത വരുത്താന്‍ ആഗ്രഹിക്കുന്നു'- എന്നു പറഞ്ഞാണ് അറട്ടൈ ആപ്പിന്‍റെ മാതൃകമ്പനിയായ സോഹോയുടെ സ്ഥാപകന്‍ ശ്രീധര്‍ വെമ്പുവിന്‍റെ എക്‌സ് പോസ്റ്റ് ആരംഭിക്കുന്നത്. സോഹോയുടെ ആഗോള ആസ്ഥാനം ചെന്നൈയാണെന്നും കമ്പനിയുടെ എല്ലാ ഉത്പന്നങ്ങളും പൂര്‍ണമായും വികസിപ്പിച്ചത് ഇന്ത്യയിലാണെന്നും അദേഹം പറഞ്ഞു.
'ലിനക്‌സ് പോലുള്ള ഓപ്പണ്‍ സോഴ്‌സുകള്‍ പ്രയോജനപ്പെടുത്തി സോഹോയുടെ ഹാന്‍ഡ്‌വെയറുകളും സോഫ്റ്റുവെയറുകളും ഞങ്ങള്‍ തന്നെയാണ് വികസിപ്പിച്ചത്. അറട്ടൈ ആമസോണ്‍ വെബ് സര്‍വീസസിലോ അസ്യൂറിലോ ജിക്ലൗഡിലോ ഹോസ്റ്റ് ചെയ്യുന്നില്ല. ട്രാഫിക് വേഗത്തിലാക്കാൻ റീജിയണൽ സ്വിച്ചിംഗ് നോഡുകൾക്കായി ഞങ്ങൾ അവരുടെ സേവനങ്ങളിൽ ചിലത് ഉപയോഗിക്കുന്നുണ്ടെങ്കിലും അവിടെ ഡാറ്റ സംഭരിക്കുന്നില്ല. 80-ലധികം രാജ്യങ്ങളില്‍ സോഹോയ്‌ക്ക് നിലവില്‍ ഓഫീസുണ്ട്. അമേരിക്കയിലും സോഹോയ്‌ക്ക് ശക്തമായ സാന്നിധ്യം നിലനില്‍ക്കുന്നു. യുഎസ് ഞങ്ങളെ സംബന്ധിച്ച് വലിയൊരു വിപണിയാണ്. ആപ്പ് സ്റ്റോറിലും പ്ലേ സ്റ്റോറിലും സോഹോ ഡവലപ്പര്‍ അക്കൗണ്ടിന്‍റെ വിലാസം നല്‍കിയിരിക്കുന്നത് യുഎസിലെ ഓഫീസിന്‍റെതാണ്. കമ്പനിയുടെ ആദ്യ നാളുകളില്‍ അമേരിക്കയിലെ ഞങ്ങളുടെ ഒരു ജീവനക്കാരനാണ് പരീക്ഷണ ആവശ്യത്തിനായി അത് അങ്ങനെ ലിസ്റ്റ് ചെയ്‌തത്. പിന്നീട് ആ വിലാസം മാറ്റിയില്ല എന്നതാണ് യാഥാര്‍ഥ്യം. സോഹോ പൂര്‍ണമായും മെയ്‌ഡ് ഇന്‍ ഇന്ത്യ ആപ്പാണ്'- എന്നും ശ്രീധര്‍ വെമ്പു എക്‌സ് പോസ്റ്റില്‍ വിശദീകരിച്ചു.
എന്തൊക്കെയാണ് അറട്ടൈ ആപ്പിന്‍റെ പ്രത്യേകതകള്‍?
ഇന്ത്യയില്‍ ട്രെന്‍ഡിംഗായിരിക്കുന്ന തദ്ദേശീയ മെസേജിംഗ് ആപ്പാണ് 'അറട്ടൈ'. ഇന്ത്യൻ ടെക് കമ്പനിയായ സോഹോ 2021-ൽ പുറത്തിറക്കിയ മെസേജിംഗ്, കോളിംഗ്, മീറ്റിംഗ് ആപ്പാണിത്. എന്നാല്‍ അടുത്തിടെ ഡൗണ്‍ലോഡുകളുടെ എണ്ണം കുത്തനെ ഉയര്‍ന്നതോടെ ആപ്പ് സ്റ്റോർ റാങ്കിംഗിൽ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ പട്ടികയില്‍ വാട്‌സ്ആപ്പിനെ അറട്ടൈ പിന്തള്ളി. വോയ്‌സ്, വീഡിയോ കോളിംഗ്, ഗ്രൂപ്പ് ചാറ്റുകൾ, ചാനലുകൾ, സ്റ്റോറികൾ, ഓൺലൈൻ മീറ്റിംഗുകൾ തുടങ്ങി നിരവധി ഫീച്ചറുകള്‍ അറട്ടൈ എന്ന ഒറ്റ പ്ലാറ്റ്‌ഫോം വാഗ്‌ദാനം ചെയ്യുന്നു. അറട്ടൈ ആപ്പില്‍ ഉപയോക്താക്കൾക്ക് വൺ-ഓൺ-വൺ ചാറ്റുകൾ, ഗ്രൂപ്പ് ചാറ്റുകൾ, മീഡിയ ഫയല്‍ ഷെയറിംഗ് എന്നിവ സാധ്യമാണ്. കേന്ദ്രമന്ത്രിമാരടക്കം സോഷ്യല്‍ മീഡിയയില്‍ നല്‍കിയ പിന്തുണയാണ് അറട്ടൈ ആപ്പിന്‍റെ ഡൗണ്‍ലോഡ് ഇപ്പോള്‍ കുത്തനെ ഉയരാന്‍ കാരണമായത്. അറട്ടൈ എന്നാല്‍ തമിഴ് ഭാഷയിൽ സംഭാഷണം അല്ലെങ്കിൽ ക്വാഷ്വൽ ചാറ്റ് എന്നാണ് അര്‍ഥം.



