ന്യൂയോര്‍ക്ക്: മനസിന്‍റെ നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങളിലേക്കു ശാസ്ത്രലോകം ഒരുപടികൂടി അടുത്തു. മിനസോട്ട സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത്തരത്തില്‍ തലച്ചോറില്‍ നിന്നും നേരിട്ട് നിര്‍ദേശങ്ങള്‍ സ്വീകരിച്ചു പ്രവര്‍ത്തിക്കുന്ന യന്ത്രക്കൈ യാഥാര്‍ഥ്യമാക്കിയത്. ഈ സംവിധാനം ശരീരം തളര്‍ന്നവര്‍ക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.

ഇലക്ട്രോണ്‍ എക്സെപ്ലോഗ്രാഫി (ഇ.ഇ.ജി) സംവിധാനം ഉപയോഗിച്ചാണ് തലച്ചോര്‍ കമ്പ്യൂട്ടര്‍ ബന്ധം യാഥാര്‍ഥ്യമാക്കിയത്. 64 ഇലക്ട്രോഡുകള്‍ ഘടിപ്പിച്ച തൊപ്പി  രോഗിയെ ധരിപ്പിക്കുന്നതോടെയാണ് ഉപകരണത്തിന്റെ പ്രവര്‍ത്തനം തുടങ്ങുന്നത്. 

ഉപകരണം തലച്ചോറില്‍ നിന്നുള്ള സന്ദേശങ്ങള്‍ പിടിച്ചെടുക്കും. സന്ദേശങ്ങള്‍ നടപ്പാക്കാന്‍ സഹായിക്കുന്ന ന്യൂറോണുകളെയും നിരീക്ഷണ വിധേയമാക്കും. ഇത് കമ്പ്യൂട്ടര്‍ വേര്‍തിരിച്ചശേഷം യന്ത്രക്കൈയിലേക്ക് അയയ്ക്കും. തലച്ചോറിലെ സന്ദേശം സ്വീകരിക്കുന്നതില്‍ 80 ശതമാനം കൃത്യതയാണ് ഗവേഷകര്‍ ആര്‍ജിച്ചെടുത്തത്. യന്ത്രക്കൈകള്‍ ചിന്തകള്‍ നടപ്പാക്കും. സാധാരണ കരങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതത്ര എളുപ്പമല്ല. യന്ത്രക്കൈകളുടെ ചലനം. 

അല്‍പം പരിചയമുണ്ടെങ്കില്‍ ചിന്തകളിലൂടെ യന്ത്രക്കൈ ചലിപ്പിക്കുന്നത് എളുപ്പമാകുമെന്നു ബയോമെഡിക്കല്‍ എന്‍ജിനീയറിങ് പ്രഫസറായ ബിന്‍ ഹി അറിയിച്ചു. എന്നാല്‍ ഈ ഉപകരണം വിപണിയിലെത്താന്‍ അല്‍പംകൂടി കാത്തിരിക്കേണ്ടിവരും.