ചെന്നൈ: തമിഴ്‍നാട് സര്‍ക്കാരിന്‍റെ ജനപ്രിയ പദ്ധതിയായ 'അമ്മ' പരമ്പരയിലേക്ക് പുതിയൊരു പദ്ധതി കൂടി. നാട്ടുകാര്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കുന്ന അമ്മ വൈഫൈയാണ് മുഖ്യമന്ത്രി ജയലളിതയുടെ പുതിയ പ്രഖ്യാപനം. തമിഴ്‌നാട്ടില്‍ 50 ഇടങ്ങളില്‍ ‘അമ്മ’ വൈഫൈ സ്ഥാപിക്കാനാണ് തീരുമാനം. ബസ്സ്റ്റാന്‍ഡുകള്‍, പാര്‍ക്കുകള്‍ തുടങ്ങിയവയുള്‍പ്പെടുന്ന 50 സ്ഥലങ്ങളിലാണ് അമ്മ വൈഫൈ വരുന്നത്. വെള്ളിയാഴ്ച ഇറക്കിയ പത്രക്കുറിപ്പിലാണ് ജയലളിത ഇക്കാര്യം അറിയിച്ചത്.

തുടക്കത്തില്‍ 10 കോടി രൂപ ഇതിനായി ചെലവഴിക്കും. ഓരോവര്‍ഷവും ഒന്നരക്കോടി രൂപ വീതം ഇതിന് ചെലവുവരും. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പുറത്തിറക്കിയ പ്രകടനപത്രികയില്‍ എ.ഐ.എ.ഡി.എം.കെ. നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു സൗജന്യ വൈഫൈ. സംസ്ഥാനത്ത് ആധാര്‍ രജിസ്‌ട്രേഷനായി 650 ഇ സേവാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 25 കോടി രൂപയാണ് സര്‍ക്കാര്‍ ഇതിനായി ചെലവഴിക്കുക.