ആന്‍ഡ്രോയ്ഡ് ഫോണില്‍ ലോക്കിംഗ് പാറ്റേണുകള്‍ ഇടുന്നവര്‍ ജാഗ്രതേ.. ഹാക്കര്‍മാര്‍ക്ക് ലോക്ക് പാറ്റേണ്‍ പൂട്ട് പൊളിക്കാന്‍ വലിയ വിഷമം ഇല്ലെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ബ്രിട്ടണിലെ ലാന്‍കാസ്റ്റര്‍, ചൈനയിലെ നോര്‍ത്ത്‌വെസ്റ്റ് ജര്‍മ്മനിയിലെ ബാത്ത് എന്നീ സര്‍വകലാശാലകളില്‍ നിന്നുള്ള ചില പഠനങ്ങളാണ് ആന്‍ഡ്രോയ്ഡ് ഫോണിലെ ഗുരുതരമായ സുരക്ഷ വീഴ്ച ചൂണ്ടികാട്ടുന്നത്.
വീഡിയോയും ഒരു കമ്പ്യൂട്ടര്‍ വിഷന്‍ അള്‍ഗോരിതം സോഫ്റ്റ്‌വെയറും ഉണ്ടെങ്കില്‍ ആന്‍ഡ്രോയിഡ് ഫോണിലെ പറ്റേണ്‍ പൂട്ട് എളുപ്പം പൊളിക്കാം എന്നാണ് ഗവേഷകര്‍ പറയുന്നത്. മൂന്ന് നിരകളിലായി ഒമ്പത് ഡോട്ടുകളാണ് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണിലെ ലോക്ക് പാറ്റേണ്‍. ലോക്ക് പാറ്റേണ്‍ യൂസര്‍മാര്‍ക്ക് തന്നെ നിശ്ചയിക്കാം.
അഞ്ച് തവണ തെറ്റായി പാറ്റേണ്‍ ഉപയോഗിച്ചാല്‍ ഫോണ്‍ താല്‍ക്കാലികമായി ലോക്ഡൗണ്‍ ആകും. എന്നാല്‍ ഒരു ഹാക്കര്‍ക്ക് അഞ്ച് തവണയില്‍ താഴെ ശ്രമംകൊണ്ട് ആന്‍ഡ്രോയിഡ് പൂട്ട് പൊളിക്കാന്‍ സാധിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.
ഹാക്കര്‍ക്ക് യൂസര്‍ ലോക്ക് തുറക്കുന്നതിന്‍റെ കുറച്ചകലെ നിന്നെടുത്ത വീഡിയോയും കമ്പ്യൂട്ടര്‍ വിഷന്‍ അള്‍ഗോരിതവും മതി. വീഡിയോ അള്‍ഗോരിതത്തിന് നല്‍കിയാല്‍ സെക്കന്റുകള്‍ക്കുള്ളില്‍ പാറ്റേണ്‍ നല്‍കും. ഫോണ്‍ സ്‌ക്രീനിലുള്ള യൂസറുടെ കൈവിരല്‍ നീക്കം വിശകലനം ചെയ്തതാണ് അള്‍ഗോരിതത്തിന്‍റെ പ്രവര്‍ത്തനം.
ഇതിലൂടെ മനസിലാക്കുന്ന ഏറ്റവും കൃത്യമായ നാല് പാറ്റേണുകളില്‍ ഫോണില്‍ പ്രയോഗിച്ച് ഫോണ്‍ തുറക്കാം എന്ന് ഗവേഷകര്‍ കാണിച്ചു തന്നു. എന്നാല്‍ ആന്‍ഡ്രോയ്ഡ് ഫോണുകളുടെ നിര്‍മ്മതാക്കളായ കമ്പനികള്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല.
