യു.പി.ഐ. ഇടപാടുകൾക്ക് ഭാവിയിൽ സേവനനിരക്ക് ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ നിയമഭേദഗതി കൊണ്ടുവരുന്നു. രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് വൻകിട വ്യാപാരികളിൽ നിന്ന് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് ഈടാക്കാനാണ് ആലോചനയെങ്കിലും, ഉപഭോക്താക്കൾക്ക് നിലവിൽ ആശങ്ക വേണ്ടെന്നും സർക്കാർ വ്യക്തമാക്കുന്നു.

രാജ്യത്ത് സൗജന്യമായി ലഭിക്കുന്ന യുപിഐ പേമെന്‍റ് സംവിധാനത്തിൽ വലിയ മാറ്റത്തിന് വഴിയൊരുങ്ങുന്നു. പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് നിയമത്തിൽ കേന്ദ്ര സർക്കാർ നിർദേശിച്ച ഭേദഗതി ഭാവിയിൽ ചില യു.പി.ഐ. ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്‍കൌണ്ട് റേറ്റ് എന്ന പേരിൽ സേവനനിരക്ക് ഏർപ്പെടുത്താൻ നിയമപരമായ അനുമതി നൽകുന്നതാണ്. എന്നാൽ നിലവിൽ പുതിയ നിരക്ക് പ്രഖ്യാപിച്ചിട്ടില്ലെന്നും ഉടൻ ചാർജ് ഈടാക്കില്ലെന്നും സർക്കാർ വ്യക്തമാക്കുന്നു.

ഉടൻ ചാർജ് ഇല്ല, നിയമപരമായ വഴി മാത്രം

ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച ഭേദഗതി ബില്ലിലൂടെ ഭാവിയിൽ ആവശ്യമെങ്കിൽ മർച്ചന്റ് ഡിസ്‍കൌണ്ട് റേറ്റ് നടപ്പാക്കാനുള്ള നിയമപരമായ അടിത്തറയാണ് ഒരുക്കുന്നത്. നിരക്ക് എത്രയായിരിക്കണം, ഏതെല്ലാം ഇടപാടുകൾക്ക് ബാധകമാക്കണം തുടങ്ങിയ കാര്യങ്ങളിൽ അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

പരിഗണനയിൽ അര ശതമാനം വരെ സേവനനിരക്ക്

നിലവിൽ ചർച്ചയിലുള്ള നിർദേശങ്ങളിൽ ഒന്നനുസരിച്ച് രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് 0.3 ശതമാനം മുതൽ 0.5 ശതമാനം വരെ മർച്ചന്റ് ഡിസ്‍കൌണ്ട് റേറ്റ് ഈടാക്കാനാണ് ആലോചന. എന്നാൽ വാർഷിക വിറ്റുവരവ് ഒന്നര കോടി രൂപയ്ക്ക് മുകളിലുള്ള വ്യാപാര സ്ഥാപനങ്ങൾക്ക് മാത്രമായിരിക്കും ഇത് ബാധകമാകുക. ഉപഭോക്താക്കൾ അധിക തുക നൽകേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും ചെറുകിട വ്യാപാരികളെ ചാർജിൽ നിന്ന് ഒഴിവാക്കാനുമാണ് സാധ്യത.

എന്താണ് മർച്ചന്റ് ഡിസ്‍കൌണ്ട് റേറ്റ്?

ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോസസ് ചെയ്യുന്നതിനായി വ്യാപാരികൾ ബാങ്കുകൾക്കും പേയ്‌മെന്റ് സേവനദാതാക്കൾക്കും നൽകുന്ന സേവനനിരക്കാണ് മർച്ചന്റ് ഡിസ്‍കൌണ്ട് റേറ്റ്. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് ഇടപാടുകളിൽ ഇത്തരം നിരക്ക് നിലവിലുണ്ടെങ്കിലും യുപിഐ ഇടപാടുകൾ ഇതുവരെ പൂർണമായും സൗജന്യമായിരുന്നു. അതുകൊണ്ടുതന്നെ വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും യുപിഐ കൂടുതൽ ജനപ്രിയമായി.

എന്തുകൊണ്ടാണ് പുതിയ നിർദേശം?

യുപിഐ സേവനങ്ങളിൽ നിന്ന് വരുമാനം ലഭിക്കാത്തത് ഡിജിറ്റൽ പേയ്‌മെന്‍റ് കമ്പനികളുടെ ദീർഘകാല വളർച്ചയെ ബാധിക്കുന്നുവെന്നാണ് വ്യവസായ രംഗത്തിന്റെ വാദം. പുതിയ സാങ്കേതികവിദ്യകളിൽ നിക്ഷേപിക്കാനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും ഉയർന്ന മൂല്യമുള്ള ഇടപാടുകളിൽ പരിമിതമായ സേവനനിരക്ക് ആവശ്യമാണെന്നാണ് കമ്പനികൾ ആവശ്യപ്പെടുന്നത്.

ജൂലൈ മാസത്തിൽ മാത്രം 23.6 ബില്യൺ യുപിഐ ഇടപാടുകളാണ് നടന്നത്. മൊത്തം ഇടപാട് മൂല്യം 29.9 ട്രില്യൺ രൂപയാണ്. നിലവിൽ ഈ നിയമഭേദഗതി ഒരു സാധ്യത മാത്രമാണ്. സേവനനിരക്ക് നടപ്പാക്കുമോ, എപ്പോൾ പ്രാബല്യത്തിൽ വരുമോ, അന്തിമ നിരക്ക് എത്രയായിരിക്കുമോ എന്ന കാര്യങ്ങളിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അതിനാൽ നിലവിൽ യുപിഐ ഇടപാടുകൾ പഴയതുപോലെ സൗജന്യമായി തുടരും.