ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് കമ്പനിയായ ആന്ത്രോപിക്, 65 ബില്യൺ ഡോളറിന്റെ പുതിയ ഫണ്ടിംഗ് റൗണ്ടിലൂടെ 965 ബില്യൺ ഡോളർ മൂല്യം നേടി. ഇതോടെ ഓപ്പൺഎഐയെ മറികടന്ന് ലോകത്തിലെ ഏറ്റവും മൂല്യമേറിയ സ്റ്റാർട്ടപ്പായി ആന്ത്രോപിക് മാറി. കമ്പനിയുടെ എഐ ചാറ്റ്ബോട്ടായ 'ക്ലോഡ്' ആണ് ഈ വളർച്ചയ്ക്ക് പിന്നിലെ പ്രധാന കാരണം.

ന്യൂയോര്‍ക്ക്: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) രംഗത്തെ പ്രമുഖ കമ്പനിയായ ആന്ത്രോപിക് (Anthropic) പുതിയ ഫണ്ടിംഗ് റൗണ്ടിലൂടെ ലോകത്തിലെ ഏറ്റവും മൂല്യമേറിയ സ്റ്റാർട്ടപ്പായി മാറി. കമ്പനി അടുത്തിടെ സമാഹരിച്ച 65 ബില്യൺ ഡോളറിന്‍റെ നിക്ഷേപത്തോടെ ആന്ത്രോപിക്കിന്‍റെ മൂല്യം 965 ബില്യൺ ഡോളറിലെത്തി. ഇതോടെ 852 ബില്യൺ ഡോളർ മൂല്യമുള്ള ഓപ്പൺഎഐയെ (OpenAI) പിന്നിലാക്കിയാണ് ആന്ത്രോപിക് മുന്നിലെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സീരീസ് എച്ച് ഫണ്ടിംഗ് റൗണ്ടിന്‍റെ വിജയത്തെക്കുറിച്ച് കമ്പനി പുറത്തിറക്കിയ ബ്ലോഗ് പോസ്റ്റിലാണ് ഈ വിവരം വ്യക്തമാക്കിയത്. ആൾട്ടിമീറ്റർ ക്യാപിറ്റൽ, ഡ്രാഗണിയർ, ഗ്രീനോക്‌സ്, സീക്വോയ ക്യാപിറ്റൽ എന്നിവ ഉൾപ്പെടെയുള്ള പ്രമുഖ നിക്ഷേപകരാണ് ഫണ്ടിംഗ് റൗണ്ടിൽ പങ്കെടുത്തത്. കൂടാതെ കമ്പനിയുടെ വാർഷിക വരുമാന നിരക്ക് 47 ബില്യൺ ഡോളർ പിന്നിട്ടതായും ആന്ത്രോപിക് അറിയിച്ചു.

കഴിഞ്ഞ വർഷം ഏകദേശം 10 ബില്യൺ ഡോളറായിരുന്ന വരുമാന നിരക്ക് ഇപ്പോൾ 47 ബില്യൺ ഡോളറിലെത്തിയതിൽ പ്രധാന പങ്കുവഹിച്ചത് കമ്പനിയുടെ എഐ ചാറ്റ്ബോട്ട് പ്ലാറ്റ്ഫോമായ ‘ക്ലോഡ്’ (Claude) ആണെന്ന് ആന്ത്രോപിക് വ്യക്തമാക്കി. വിവിധ വ്യവസായ മേഖലകളിലെ സ്ഥാപനങ്ങൾ ക്ലോഡിനെ അവരുടെ ദൈനംദിന പ്രവർത്തനങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നതോടൊപ്പം, വ്യക്തിഗത ഉപയോക്താക്കളും തൊഴിൽ ആവശ്യങ്ങൾക്കായി ഈ പ്ലാറ്റ്ഫോമിനെ ആശ്രയിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. ക്ലോഡ് ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് അനിവാര്യമായ ഉപകരണമാകുകയാണെന്ന് ആന്ത്രോപിക്കിന്‍റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ കൃഷ്‌ണ റാവു വ്യക്തമാക്കി. പ്രത്യേകിച്ച് ക്ലോഡ് കോഡും (Claude Code) കോവർക്ക് (Cowork) പോലുള്ള ഉൽപ്പന്നങ്ങൾക്കുള്ള ആവശ്യകത വേഗത്തിൽ ഉയരുകയാണെന്നും അദേഹം വ്യക്തമാക്കി.

പുതിയ ഫണ്ടിംഗ് ഉപയോഗിച്ച് കമ്പനി എഐ ഗവേഷണം കൂടുതൽ ശക്തിപ്പെടുത്തുകയും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും ക്ലോഡിന്റെ സേവനങ്ങൾ കൂടുതൽ സ്ഥാപനങ്ങളിലേക്കും രാജ്യങ്ങളിലേക്കും എത്തിക്കുകയുമാണ് ലക്ഷ്യമിടുന്നത്. ഈ നിക്ഷേപ റൗണ്ടിൽ ക്യാപിറ്റൽ ഗ്രൂപ്പ്, കോറ്റ്യൂ, D1 ക്യാപിറ്റൽ പാർട്ണേഴ്സ്, ജിഐസി, ഐക്കോണിക്, XN തുടങ്ങിയ നിക്ഷേപകരും പങ്കെടുത്തു.

ഭാവി വികസനത്തിനായി ആന്ത്രോപിക് കമ്പ്യൂട്ടിംഗ് ശേഷിയും ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്. ആമസോണുമായി അഞ്ച് ഗിഗാവാട്ട് അധിക ശേഷിക്കായും ഗൂഗിളും ബ്രോഡ്കോമും ചേർന്ന് അടുത്ത തലമുറ ടിപിയു ശേഷിക്കായും കരാറുകൾ ഒപ്പുവെച്ചിട്ടുണ്ട്. കൂടാതെ സ്പേസ്‌എക്സിന്റെ കോളോസസ് ഇൻഫ്രാസ്‌ട്രക്‌ചര്‍ വഴി ജിപിയു വിഭവങ്ങൾ ഉപയോഗിക്കുന്നതിനുള്ള സൗകര്യവും കമ്പനി ഉറപ്പാക്കിയിട്ടുണ്ട്.

ചാറ്റ്‍ജിപിടി പോലുള്ള ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങളിലൂടെ പ്രശസ്‌തമായ ഓപ്പൺഎഐയോട് താരതമ്യപ്പെടുത്തുമ്പോൾ, ബിസിനസ് സ്ഥാപനങ്ങൾക്കും ഡെവലപ്പർമാർക്കും കോഡിംഗ് ആവശ്യങ്ങൾക്കുമായി ക്ലോഡിനെ കേന്ദ്രീകരിച്ചുള്ള ആന്ത്രോപിക്കിന്‍റെ തന്ത്രമാണ് കമ്പനിയുടെ അതിവേഗ വളർച്ചയ്ക്ക് പിന്നിലെ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ച് ക്ലോഡ് കോഡ് കമ്പനിയുടെ വരുമാന വർധനവിൽ നിർണായക പങ്ക് വഹിക്കുന്ന ഉൽപ്പന്നമായി മാറിയിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News