പ്രശസ്ത ഗെയിം നിർമാതാക്കളായ എപിക് ഗെയിംസുമായുള്ള ആപ്പ് സ്റ്റോർ പേയ്‌മെന്‍റ് നയങ്ങളിലെ നിയമ തർക്കത്തിൽ ആപ്പിൾ യുഎസ് സുപ്രീം കോടതിയെ സമീപിച്ചു. ഇതര പേയ്‌മെന്‍റ് സംവിധാനങ്ങളിലേക്ക് ലിങ്കുകൾ അനുവദിക്കണമെന്ന ഉത്തരവ് ലംഘിച്ചതിന് കോടതിയലക്ഷ്യത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിയെയാണ് ആപ്പിൾ ചോദ്യം ചെയ്യുന്നത്.

വാഷിംഗ്‌ടണ്‍: ആപ്പ് സ്റ്റോര്‍ പേയ്‌മെന്‍റ് നയങ്ങളെക്കുറിച്ചുള്ള ദീര്‍ഘകാല നിയമ തര്‍ക്കത്തില്‍ പുതിയ ഘട്ടത്തിലേക്ക് കടന്ന് അമേരിക്കന്‍ ടെക് ഭീമനായ ആപ്പിള്‍. പ്രശസ്‍ത ഗെയിം നിര്‍മാതാക്കളായ എപിക് ഗെയിംസുമായുള്ള കേസിൽ അമേരിക്കൻ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് ഇപ്പോൾ ആപ്പിൾ. തങ്ങൾക്കെതിരായ കോടതിയലക്ഷ്യ വിധിയെ ചോദ്യം ചെയ്‌താണ് ആപ്പിൾ യുഎസ് സുപ്രീം കോടതിയിൽ എത്തിയിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ഐഫോണ്‍ ആപ്പ് സ്റ്റോറിലെ ഇന്‍-ആപ്പ് പേയ്‌മെന്‍റുകളിലേക്കുള്ള ആപ്പിളിന്‍റെ നിയന്ത്രണങ്ങളാണ് 2020-ല്‍ ആരംഭിച്ച ഈ കേസിന്‍റെ കേന്ദ്രവിഷയം. ഫോര്‍ട്ട്‌നൈറ്റ് എന്ന ജനപ്രിയ ഗെയിമിന്‍റെ നിര്‍മാതാക്കളായ എപിക് ഗെയിംസ്, ആപ്പിള്‍ തങ്ങളുടെ ഇക്കോസിസ്റ്റത്തില്‍ ആപ്പുകളുടെ വിതരണവും പേയ്‌മെന്‍റ് സംവിധാനങ്ങളും നിയന്ത്രിക്കുന്നത് അന്യായമാണ് എന്ന് ആരോപിച്ചാണ് കേസ് നല്‍കിയത്.

2021-ല്‍ കോടതി ആന്‍റിട്രസ്റ്റ് ആരോപണങ്ങളുടെ ഭൂരിഭാഗവും കോടതി തള്ളിയിരുന്നു. എങ്കിലും ആപ്പ് സ്റ്റോറിന് പുറത്തുള്ള ഇതര പേയ്‌മെന്‍റ് സംവിധാനങ്ങളിലേക്ക് ഉപയോക്താക്കളെ നയിക്കുന്ന ലിങ്കുകൾ ഉൾപ്പെടുത്താൻ ആപ്പ് ഡെവലപ്പർമാരെ അനുവദിക്കാൻ ആപ്പിളിനോട് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ആപ്പിള്‍ ഈ ഉത്തരവ് നടപ്പിലാക്കി എങ്കിലും പുതിയ നിബന്ധനകള്‍ കൂടി ചേര്‍ത്തു. ഉപയോക്താവ് ലിങ്ക് ക്ലിക്ക് ചെയ്‌ത് ഏഴ് ദിവസത്തിനുള്ളില്‍ പുറത്തെ പേയ്‌മെന്‍റ് വഴി വാങ്ങല്‍ നടത്തിയാല്‍ 27 ശതമാനം കമ്മീഷന്‍ ഈടാക്കും എന്നതായിരുന്നു അതില്‍ പ്രധാനം.

ഇത് കോടതി ഉത്തരവിന്റെ അന്തസത്തയെത്തന്നെ ലംഘിക്കുന്നതാണ് എന്ന് എപിക് ഗെയിംസ് ആരോപിച്ചു. 2025-ല്‍ ഒരു ഫെഡറല്‍ ജഡ്‍ജി ഈ വാദം അംഗീകരിച്ച് ആപ്പിളിനെ കോടതിയലക്ഷ്യത്തില്‍ കുറ്റക്കാരനായി കണ്ടെത്തി. ഈ ഉത്തരവിന് എതിരെയാണ് ഇപ്പോൾ ആപ്പിൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. അപ്പീൽ ഹർജിയിൽ ഈ ഉത്തരവ് എപിക് ഗെയിംസ് മാത്രം നല്‍കിയ കേസായതിനാല്‍ ദശലക്ഷക്കണക്കിന് ഡെവലപ്പര്‍മാര്‍ക്ക് ബാധകമാക്കരുതെന്ന് ആപ്പിള്‍ വാദിക്കുന്നു. കൂടാതെ, കോടതി ഉത്തരവില്‍ വ്യക്തമായി പറയാത്ത കാര്യങ്ങള്‍ക്ക് തങ്ങളെ ശിക്ഷിക്കാൻ സാധിക്കില്ലെന്നും കമ്പനി നിലപാടെടുക്കുന്നു. തങ്ങള്‍ എല്ലാ കോടതി നിര്‍ദ്ദേശങ്ങളും പാലിച്ചുവെന്നും ആപ്പിള്‍ അവകാശപ്പെടുന്നു.

അതേസമയം, വിപണിയിലെ മത്സരത്തെ തടയാന്‍ ആപ്പിൾ പല തന്ത്രങ്ങളും ഉപയോഗിക്കുന്നുവെന്ന് എപിക് ഗെയിംസ് ആരോപിക്കുന്നു. ഉപഭോക്താക്കളുടെയും ഡെവലപ്പര്‍മാരുടെയും പ്രയോജനത്തിനായി ഡിജിറ്റല്‍ പേയ്‌മെന്‍റ് വിപണിയില്‍ കൂടുതല്‍ മത്സരം ഉറപ്പാക്കേണ്ടതുണ്ടെന്നും അവർ പറയുന്നു. അപ്പീൽ കോടതികളിൽ നിയമപോരാട്ടം ഇതിനകം നിരവധി ഘട്ടങ്ങളിലൂടെ കടന്നുപോയി. ഡിസംബറില്‍ സര്‍ക്യൂട്ട് അപ്പീല്‍ കോടതി ആപ്പിളിനെതിരായ വിധി ശരിവച്ചെങ്കിലും കമ്മീഷന്‍ വിഷയത്തില്‍ തുടര്‍ന്നുള്ള വാദങ്ങള്‍ക്ക് അവസരം നല്‍കി. അടുത്തിടെ സുപ്രീം കോടതി താത്കാലിക സ്റ്റേ നല്‍കണമെന്ന ആപ്പിളിന്‍റെ അപേക്ഷയും തള്ളിക്കളഞ്ഞിരുന്നു. എന്തായാലും അമേരിക്കന്‍ ഡിജിറ്റല്‍ വിപണിയുടെ ഭാവി നിയന്ത്രണങ്ങളില്‍ വലിയ സ്വാധീനം ഈ കേസ് ചെലുത്താനിടയുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News