ആഭ്യന്തരമായി ഉപയോഗിക്കാന്‍ 'വെരിറ്റാസ്' എന്ന കോഡ് നാമത്തിൽ ആണ് ചാറ്റ്ജിപിടിക്ക് സമാനമായ ആപ്പിനെ ആപ്പിൾ ഒരുക്കുന്നത്. ആപ്പിള്‍ ഈ ചാറ്റ്‌ബോട്ട് പൊതുജനങ്ങള്‍ക്ക് ഉപയോഗത്തിനായി ലഭ്യമാക്കില്ല. 

കാലിഫോര്‍ണിയ: ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിടിക്ക് സമാനമായൊരു പുതിയ ചാറ്റ്‌ബോട്ട് ആപ്പിൾ തയ്യാറാക്കുന്നതായി റിപ്പോർട്ട്. അടുത്ത തലമുറ സിരി പരീക്ഷിക്കുന്നതിനായിട്ടാണ് 'വെരിറ്റാസ്' എന്ന കോഡ് നാമത്തിൽ ആണ് ചാറ്റ്ജിപിടിക്ക് സമാനമായ ആപ്പിനെ ആപ്പിൾ ഒരുക്കുന്നത് എന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. അടുത്ത തലമുറ സിരിയുടെ എഐ സവിശേഷതകൾ പരീക്ഷിക്കുന്നതിനും ബഗുകൾ പരിഹരിക്കാൻ ടീമിനെ സഹായിക്കുന്നതിനും അടുത്ത വർഷം പ്രതീക്ഷിക്കുന്ന ലോഞ്ചിനായി സിരിയെ തയ്യാറാക്കുന്നതും ഉൾപ്പെടെയുള്ള കമ്പനിയുടെ ആന്തരിക ഉപയോഗത്തിനാണ് ഈ ആപ്പ്.

വെരിറ്റാസ് (Veritas)

വെരിറ്റാസ് എന്നാൽ ലാറ്റിൻ ഭാഷയിൽ സത്യം എന്നാണ് അർഥം. ആപ്ലിക്കേഷൻ ആന്തരിക ഉപയോഗത്തിനുള്ളതാണെന്നും പൊതുജനങ്ങൾക്കായി ഇത് അവതരിപ്പിക്കാൻ ആപ്പിള്‍ കമ്പനിക്ക് പദ്ധതിയില്ലെന്നും ബ്ലൂംബെർഗിന്‍റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ആപ്പിളിന്‍റെ എഐ വിഭാഗത്തിന് അടുത്ത തലമുറ സിരി കൂടുതൽ കാര്യക്ഷമമായി പരീക്ഷിക്കാൻ ഈ ആപ്ലിക്കേഷൻ സഹായിക്കുമെന്ന് റിപ്പോർട്ടില്‍ പറയുന്നു.

മാർക്കറ്റിൽ ലഭ്യമായ മിക്ക ചാറ്റ്ബോട്ടുകളെയും പോലെയാണ് ഈ ആപ്ലിക്കേഷനും ഉള്ളതെന്നാണ് റിപ്പോർട്ടുകൾ. ഒന്നിലധികം ചാറ്റുകൾ കൈകാര്യം ചെയ്യാനും, അന്വേഷണങ്ങൾ പിന്തുടരാനും മറ്റും ഈ ആപ്പ് ഉപയോക്താക്കളെ സഹായിക്കുന്നു. പ്രോംപ്റ്റ് തന്ത്രങ്ങൾ, പ്രതികരണ ജനറേഷൻ ലെയറുകൾ, തെറ്റുകൾ കൈകാര്യം ചെയ്യൽ, ലോജിക് എന്നിവ പരിഷ്‍കരിക്കുന്നതിന് ആപ്പിൾ എഞ്ചിനീയർമാർ ഈ ടെസ്റ്റുകളിൽ നിന്നുള്ള ഫീഡ്‌ബാക്ക് ലൂപ്പുകൾ ഉപയോഗിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.

ലിൻവുഡ് എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന പുതുക്കിയ അടിസ്ഥാന സിസ്റ്റം പരീക്ഷിക്കുന്നതിനാണ് ഈ ആപ്പ് രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. പുതിയ സിരിയ്ക്ക് ശക്തി പകരാൻ ആപ്പിൾ നിർമ്മിച്ച അതേ സിസ്റ്റമാണിത്. വലിയ ഭാഷാ മോഡലുകളെയാണ് സോഫ്റ്റ്‌വെയർ വളരെയധികം ആശ്രയിക്കുന്നതെന്നും ആപ്പിളിന്‍റെ സ്വന്തം ഫൗണ്ടേഷൻ മോഡൽസ് ടീമിന്‍റെ പ്രവർത്തനങ്ങൾ ഒരു തേർഡ്-പാർട്ടി മോഡലുമായി സംയോജിപ്പിക്കുന്നുവെന്നും ബ്ലൂംബെർഗിന്‍റെ റിപ്പോർട്ട് പറയുന്നു.

വരുന്നു സിരി നവീന പതിപ്പ്

ആപ്പിൾ 2026 മാർച്ചോടെ സിരിയുടെ നവീകരിച്ച പതിപ്പ് അവതരിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്. iOS 18-ന്‍റെ റോൾഔട്ടോടെ കമ്പനി അടുത്ത തലമുറ സിരി അവതരിപ്പിക്കുമെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും തടസങ്ങൾ നേരിട്ടു. അടുത്ത വർഷം അവസാനത്തോടെ കമ്പനി തങ്ങളുടെ പേഴ്‌സണൽ വോയ്‌സ് അസിസ്റ്റന്‍റെനെ പുനർരൂപകൽപ്പന ചെയ്യാനും പദ്ധതിയിടുന്നു. മാത്രമല്ല ആപ്പിൾ നിരവധി എഐ പവർഡ് സ്‍മാർട്ട് ഹോം ഉപകരണങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെന്നും നിലവിലുള്ള ലൈനപ്പിലേക്ക് പുതിയ എഐ സവിശേഷതകൾ കൊണ്ടുവരുമെന്നും വെബ് സെർച്ചിംഗിനായി കൂടുതൽ എഐ സവിശേഷതകൾ ചേർക്കുമെന്നുമാണ് റിപ്പോർട്ടുകൾ.

അതേസമയം, എതിരാളികളെപ്പോലെ ഇതുവരെ തങ്ങളുടെ ഉൽപ്പന്നങ്ങളിൽ പൂർണ്ണമായും എഐ ഉപയോഗിക്കാത്ത ഏറ്റവും വലിയ ടെക് കമ്പനിയാണ് ആപ്പിൾ. കഴിഞ്ഞ വർഷമാണ് ആപ്പിൾ സ്വന്തം എഐ സവിശേഷതകളായ ആപ്പിൾ ഇന്‍റലിജൻസ് പുറത്തിറക്കിയത്. എതിരാളികളിൽ നിന്ന് വ്യത്യസ്‍തമായി ആപ്പിളിന്‍റെ സ്വന്തം സാങ്കേതികവിദ്യയുടെയും പങ്കാളിത്ത കമ്പനികളുടെ എഐ സാങ്കേതികവിദ്യയുടെയും സംയോജനമാണ് ആപ്പിൾ ഇന്‍റലിജൻസിന് കരുത്ത് പകരുന്നത്.

Asianet News Live | Malayalam News Live | Kerala News | Breaking News Live | Actor Vijay Rally | TVK