അവധിക്കാല സീസണിന് മുന്നോടിയായി തങ്ങളുടെ ഏറ്റവും പുതിയ ഉല്‍പന്നങ്ങള്‍ പരിചയപ്പെടുത്തിക്കൊണ്ട് ആപ്പിള്‍ ഒക്ടോബര്‍ മാസത്തില്‍ സാധാരണ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ സെപ്റ്റംബറിലാണ് പുതിയ ഐഫോണുകള്‍ അവതരിപ്പിച്ചത്

ഒക്ടോബര്‍ 30ന് ബ്രൂക്ലിന്‍ അക്കാഡമി ഓഫ് മ്യൂസിക്കിലെ വേദിയില്‍ വെച്ച് തങ്ങളുടെ പുതിയ പ്രോഡക്ടുകള്‍ ഇറക്കാന്‍ ഇരിക്കുകയാണ് ആപ്പിള്‍. പരിപാടിയിലൂടെ എന്താണ് കമ്പനി പുറത്തിറക്കുന്നത് എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പുതിയ ഐഫോണുകള്‍ സെപ്റ്റംബറില്‍ പുറത്തിറക്കിയിട്ടുള്ള സാഹചര്യത്തില്‍ മറ്റേതെങ്കിലും ഉപകരണം അവതരിപ്പിക്കുകയാവും ആപ്പിളിന്‍റെ ലക്ഷ്യമെന്ന് കരുതപ്പെടുന്നു.

അവധിക്കാല സീസണിന് മുന്നോടിയായി തങ്ങളുടെ ഏറ്റവും പുതിയ ഉല്‍പന്നങ്ങള്‍ പരിചയപ്പെടുത്തിക്കൊണ്ട് ആപ്പിള്‍ ഒക്ടോബര്‍ മാസത്തില്‍ സാധാരണ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ സെപ്റ്റംബറിലാണ് പുതിയ ഐഫോണുകള്‍ അവതരിപ്പിച്ചത്. അവതരണ പരിപാടികള്‍ പതിവായി സംഘടിപ്പിക്കാറുള്ളയിടങ്ങളില്‍ നിന്നും മാറി ബ്രൂക്ലിന്‍ മ്യൂസിക് അക്കാഡമിയിലെ വേദിയില്‍ പരിപാടി നടത്തുന്നതിന്റെ ഉദ്ദേശവും വ്യക്തമല്ല.

വ്യാഴാഴ്ച രാവിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് അയച്ച ഇമെയില്‍ ക്ഷണക്കത്തില്‍, വിവിധ വര്‍ണങ്ങളിലുള്ള ആപ്പിള്‍ ലോേഗാ ആലേഖനം ചെയ്തിട്ടുണ്ട്. ഇത് എന്തിന്റെയെങ്കിലും സൂചനയാണോ എന്ന് വ്യക്തമല്ല. ഇത് ഐപാഡില്‍ നിര്‍മിച്ചതാവാം എന്നും ഐപാഡ് അവതരണപരിപാടിയുടെ സൂചനയായിരിക്കാം ഈ ലോഗോകളില്‍ ഉള്ളതെന്നും സൂചനയുണ്ട്. 

സാധാരണ ഗ്രാഫിക് ഡിസൈന്‍ ആവശ്യങ്ങള്‍ക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ടാണ് ആപ്പിള്‍ ഐപാഡുകള്‍ അവതരിപ്പിക്കാറ്. എന്തായാലും ആപ്പിള്‍ അധികൃതര്‍ ഇതേകുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ഒക്ടോബര്‍ 30ന് കാലത്ത് പത്ത് മണിക്കാണ് പരിപാടി ആരംഭിക്കുക.