ഐ ഫോണ്‍ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ മോഡല്‍ ഐ ഫോൺ 8 സെപ്റ്റംബർ 12ന് വിപണിയിലെത്തുമ്പോൾ അഞ്ച് ഉയർന്ന സവിശേഷതകൾ കാത്തിരിക്കുന്നു. അമേരിക്കയിലെ കൂപ്പർറ്റിനോയിലെ സ്റ്റീവ് ജോബ്സ് തിയറ്ററിൽ ആണ് ഫോണിൻ്റെ ലോഞ്ചിങ് ചടങ്ങ്. വലിയ ബഹിരകാശപേടകത്തിൽ മാതൃകയിൽ കൂപ്പർറ്റിനോയിലെ ആപ്പിൾ പാർക്ക് കാമ്പസിലാണ് സ്റ്റീവ് ജോബ്സ് തിയറ്റർ. ആപ്പിൾ കമ്പനിയുടെ മികച്ച ഉൽപ്പന്നത്തിൻ്റെ പത്താം വാർഷികത്തെ കൂടി കുറിക്കുന്നതാണ് ഐ ഫോൺ 8. കാര്യമായ മാറ്റങ്ങളോടെയും ഒട്ടേറെ സവിശേഷതകളോടും കൂടിയാണ് ഫോൺ എത്തുന്നതെന്നാണ് പ്രതീക്ഷ.
ദൃശ്യഭംഗി പൊലിപ്പിക്കുന്ന ഒഎൽഇഡി ബെസ്ലെസ് ഡിസ്പ്ലേയാണ് പ്രധാന സവിശേഷത. ഫോണിൻ്റെ ഒരുഭാഗത്ത് മാത്രം ഡിസ്പ്ലേ ഒതുങ്ങുന്ന എൽസിഡി രീതിയാണ് മാറാൻ പോകുന്നത്. ചോർന്നുവന്ന ചിത്രങ്ങൾ പ്രകാരം ഐ ഫോൺ 8ന് 5.8 ഇഞ്ച് സ്ക്രീൻ ആണ്. ബ്ലൂംബെർഗിൽ നിന്നുള്ള പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഐ ഫോൺ 8ന് ഇരുവശം വളഞ്ഞ വശങ്ങളോട് കൂടിയ ഡിസ്പ്ലേ ആണ്. നാല് മൂലകളും റൗണ്ട് ആകൃതിയിൽ ഉയർന്ന മുൻവശ ഡിസ്പ്ലേയാണ് ഫോണിന്. ഉപയോഗിക്കുന്നവരുടെ മുഖം തിരിച്ചറിയാൻ കഴിയുന്ന സെൻസർ, സെൽഫി ക്യാമറ എന്നിവ ഡിസ്പ്ലേയുടെ മുകൾ ഭാഗത്തുണ്ട്. അലൂമിനിയം ചേസിസും ഗ്ലാസ് ബോഡിയും ഫോണിൻ്റെ പ്രത്യേകതയാണ്.
ഫുൾ ഫ്രോണ്ടൽ ഡിസ്പ്ലേ വരുന്നതോടെ ഹോം ബട്ടൺ ഒഴിവാക്കി. ഐ ഫോൺ 8 കൈയുടെ ചലനങ്ങൾക്കനുസൃതമായി പ്രവർത്തിപ്പിക്കാനും കഴിയുമെന്നാണ് പുതിയ വാർത്തകൾ. ഹോം ബട്ടൺ ഒഴിവാക്കിയത് വഴി ഉപയോക്താവിന് ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ ഡിജിറ്റൽ ബട്ടൺ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയതായാണ് സൂചനകൾ. ടച്ച് ഐഡിക്ക് പകരം മുഖം തിരിച്ചറിയുന്ന സ്കാനർ വഴിയാണ് ഫോൺ ഉപയോഗിക്കാനാവുക. ഐ ഫോൺ 8ന് ഫിംഗർ പ്രിൻ്റ് സ്കാനർ ഉണ്ടായിരിക്കില്ലെന്ന് നേരത്തെ പ്രമുഖ ആപ്പിൾ വിശകലന വിദഗ്ദൻ മിങ് ചികു സൂചിപ്പിച്ചിരുന്നു. ടച്ച് ഐഡിയുടെ സ്ഥാനത്ത് മുഖം തിരിച്ചറിയാൻ കഴിയുന്ന സ്കാനർ വരാതെ സാങ്കേതിക വിദ്യ വികസിച്ചു എന്നുപറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വയർലെസ് ചാർജിങ് ആണ് ഫോൺ ഒളിപ്പിച്ചുവെച്ചിരിക്കുന്ന മറ്റൊരു പുതുമ. ടൈപ്പ് സി യു.എസ്.ബിക്ക് വേണ്ടി ലൈറ്റനിങ് കേബിൾ ഉപയോഗിക്കുന്നുമുണ്ട് ഫോണിൽ. എന്നാൽ വയർലെസ് ചാർജിങിന് വേഗത കുറവായിരിക്കുമെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. വേഗതയിൽ ചാർജിങ് നടത്താനുള്ള സൗകര്യവും ഫോണിന് ഉണ്ടാകും. ഗ്ലാസിലും സ്റ്റീലിലുമുള്ള രൂപകൽപ്പന ആരാധകരുടെ മനംമയക്കുമെന്നാണ് പ്രതീക്ഷ.
മുൻ ഫോണുകളായ ഐ ഫോൺ7, ഐ ഫോൺ 6 സീരീസുകളിൽ നിന്ന് കാര്യമായ മാറ്റം ഐ ഫോൺ 8ൻ്റെ രൂപഭംഗിയിൽ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. മുൻ ഫോണുകൾക്ക് അലുമിനിയം ചേസിസ് ആയിരുന്നെങ്കിൽ മെറ്റൽ ഗ്ലാസ് ഡിസൈൻ ആണ് ഐ ഫോൺ 8ൻ്റെ ബലം.
