ആപ്പിള്‍ ഐഫോണ്‍ ബാറ്ററി റീപ്ലേസ്മെന്‍റ് ചാര്‍ജ് വെട്ടിക്കുറച്ചു. 50 ശതമാനാമാണ് കുറവ് വരുത്തിയിരിക്കുന്നത്. ഐഫോണ്‍6 അടക്കമുള്ള ഫോണുകള്‍ക്ക് ബാറ്ററി മാറ്റുവാന്‍ ഇനി 2000 രൂപയാണ് ചാര്‍ജ് വരുക. ഇത് ടാക്സ് ഉള്‍കൊള്ളിക്കാതെയാണ്. നേരത്തെ 6000 രൂപയ്ക്ക് അടുത്താണ് ആപ്പിള്‍ ബാറ്ററി റീപ്ലേയ്സ് ചെയ്യാന്‍ തേര്‍ഡ് പാര്‍ട്ടി സര്‍വ്വീസ് സെന്‍ററുകള്‍ ചുമത്തിയിരുന്നത്.

ആപ്പിള്‍ ബാറ്ററി ലൈഫ് കുറച്ച് ഐഫോണിന്‍റെ പ്രവര്‍ത്തനം സ്ലോ ചെയ്യുന്നു എന്ന ആരോപണം ആഗോള വ്യാപകമായി ഉയരുന്ന പാശ്ചാത്തലത്തിലാണ് ഈ ഓഫര്‍ നല്‍കുന്നത് എന്നത് ശ്രദ്ധേയമാണ്. ബാറ്ററി പഴകുംതോറും ആപ്പിള്‍ ഗാഡ്ജറ്റിന്‍റെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കുന്ന ഒരു രഹസ്യ പവര്‍ മോഡ് ഒഎസിന്‍റെ പുതുക്കിയ പതിപ്പുകളില്‍ ആപ്പിള്‍ നിക്ഷേപിച്ചിരുന്നു എന്ന ഗുരുതരമായ ആരോപണമാണ് അടുത്തിടെ ഉയര്‍ന്നത്. 

ഈ രഹസ്യം കണ്ടെത്തിയത് പ്രൈമേറ്റ് ലാബ്‌സിന്‍റെ ഗവേഷകന്‍ ജോണ്‍ പൂള്‍ ആണ്. ഐഫോണുകളുടെയും ഐപാഡുകളുടെയും പ്രവര്‍ത്തനം നിരീക്ഷിച്ച ശേഷമാണ് അദ്ദേഹം തന്റെ നിരീക്ഷണം നടത്തിയത്. ഇതിന് പിന്നാലെ പ്രശസ്തനായ ഐഒഎസ് ഡവലപ്പര്‍ ജി. റാംബോയും ഇതേ വാദവുമായി രംഗത്ത് എത്തി.