ആപ്പിളിന്‍റെ ആയിരക്കണക്കിന് പ്രൊപ്രൈറ്ററി ഡോക്യുമെന്‍റുകൾ ഡൗൺലോഡ് ചെയ്ത് തന്‍റെ സ്വകാര്യ ക്ലൗഡ് സ്റ്റോറേജ് അക്കൗണ്ടിലേക്ക് മാറ്റിയതായാണ് ആരോപണം
കാലിഫോര്‍ണിയ: മുൻ സീനിയർ എഞ്ചിനീയർക്കെതിരെ കേസ് ഫയൽ ചെയ്ത് ടെക് ഭീമനായ ആപ്പിൾ. വിഷൻ പ്രോ ഹെഡ്‌സെറ്റിന്‍റെ മുൻ സീനിയർ ഡിസൈൻ എഞ്ചിനീയറായ ഡി ലിയുവിനെതിരെയാണ് ആപ്പിൾ കേസ് ഫയൽ ചെയ്തിരിക്കുന്നത്. കമ്പനിയിൽ നിന്നും രഹസ്യ ഗവേഷണവിവരങ്ങൾ മോഷ്‍ടിച്ചതായി ആരോപിച്ചാണ് നടപടി. ആപ്പിളിന്‍റെ വിഷൻ പ്രോ ഹെഡ്‌സെറ്റിൽ സിസ്റ്റം പ്രോഡക്റ്റ് ഡിസൈൻ എഞ്ചിനീയറായി സേവനം അനുഷ്‍ഠിക്കുകയായിരുന്നു ലിയു. സ്പേഷ്യൽ കമ്പ്യൂട്ടിംഗ് വിപണിയിലേക്കുള്ള കമ്പനിയുടെ സുപ്രധാന സംരംഭമാണ് മിക്സഡ്-റിയാലിറ്റി ഉപകരണമായ വിഷൻ പ്രോ ഹെഡ്‌സെറ്റ്.
ലിയു അടുത്തിടെയാണ് ആപ്പിളിൽ നിന്നും രാജിവച്ച് സ്‍നാപ്പിന്‍റെ പ്രൊഡക്ട് ഡിസൈൻ ടീമിൽ ചേരുന്നത്. എന്നാൽ ഇതിനു മുമ്പ് ലിയു കമ്പനിയുടെ ആന്തരിക സംവിധാനങ്ങളിൽ നിന്ന് ആയിരക്കണക്കിന് പ്രൊപ്രൈറ്ററി ഡോക്യുമെന്‍റുകൾ ഡൗൺലോഡ് ചെയ്ത് തന്‍റെ സ്വകാര്യ ക്ലൗഡ് സ്റ്റോറേജ് അക്കൗണ്ടിലേക്ക് മാറ്റിയതായി ആപ്പിൾ ആരോപിക്കുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ കമ്പനി വിടുകയാണെന്ന് ലിയു തെറ്റിദ്ധരിപ്പിച്ചതായും സ്‍നാപ്പിലെ പ്രോഡക്റ്റ് ഡിസൈൻ എഞ്ചിനീയറായി ജോലി ചെയ്യുന്നതിനെക്കുറിച്ച് ആപ്പിളിനോട് പറഞ്ഞില്ലെന്നും കമ്പനി ആരോപിക്കുന്നു. കമ്പനിയുടെ ആന്തരിക സംവിധാനങ്ങളിലേക്കുള്ള ലിയുവിന്‍റെ ആക്‌സസ് ആപ്പിൾ ഉടനടി പിൻവലിച്ചു. ജീവനക്കാർ എതിർ കമ്പനികളിൽ ചേരുമ്പോൾ ഉള്ള സാധാരണ നടപടിക്രമമാണിത്. എന്നാൽ നെറ്റ്‌വർക്കിൽ നിന്ന് ലോക്ക് ചെയ്‌തതിന് ശേഷവും ഭാവിയിലെ ഉപയോഗത്തിനായി വൻതോതിലുള്ള ഉടമസ്ഥാവകാശ വിവരങ്ങൾ ലിയു പകർത്തിയെന്ന് ആപ്പിൾ പറയുന്നു.
ആപ്പിൾ നൽകിയ വർക്ക് ലാപ്‌ടോപ്പിന്‍റെ ലോഗുകൾ ഉപയോഗിച്ച് ലിയു മനഃപൂർവ്വം വിവരങ്ങൾ പകർത്തുകയായിരുന്നുവെന്നും ആപ്പിൾ ആരോപിക്കുന്നു. ലിയു ഫോൾഡറുകൾ പകർത്തുകയും അവ തന്‍റെ സ്വകാര്യ ക്ലൗഡ് സ്റ്റോറേജ് അക്കൗണ്ടിലേക്ക് മാറ്റിയ ശേഷം പേരുമാറ്റുകയോ പുനഃക്രമീകരിക്കുകയോ ചെയ്തതായി ഈ ലോഗുകൾ വ്യക്തമാക്കുന്നുവെന്ന് ആപ്പിൾ പറയുന്നു. ഫയലുകൾ കൈവശപ്പെടുത്തിയത് മറച്ചുവയ്ക്കാൻ ലിയു തന്‍റെ വർക്ക് ലാപ്‌ടോപ്പിൽ നിന്ന് അവ മനഃപൂർവ്വം ഇല്ലാതാക്കിയതായും ആപ്പിൾ ആരോപിച്ചു.
ആപ്പിളിന്‍റെ വിഷൻ പ്രോ ഹെഡ്‌സെറ്റിൽ സിസ്റ്റം സംബന്ധിച്ച വിവരങ്ങൾക്കൊപ്പം ഹാർഡ്‌വെയർ ഡിസൈൻ, ടെക്‌നോളജി ആർക്കിടെക്ചർ, പ്രോജക്റ്റ് കോഡ്‌നാമങ്ങൾ, ആപ്പിളിന്റെ സപ്ലൈ ചെയിൻ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ തുടങ്ങിയ വിവരങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നവയാണ് ലിയു എടുത്തതായി ആപ്പിൾ ആരോപിക്കപ്പെടുന്ന പല ഫയലുകളും എന്നാണ് ആപ്പിൾ പറയുന്നത്.



